ഹൈദരാബാദ് : രക്ഷാബന്ധന് മാറ്റുകൂട്ടാൻ ലോകത്തിലെ ഏറ്റവും വലിയ രാഖി (World's Largest Rakhi) മധ്യപ്രദേശിൽ ഒരുങ്ങുന്നു. കലാവൈഭവത്തിന്‍റെ സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ബിജെപി പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ അശോക് ഭരദ്വാജാണ് (Ashok Bhardwaj) ലോകത്തിലെ ഏറ്റവും വലിയ രാഖി നിർമിച്ച് ചരിത്രത്തിൽ തന്‍റെ പേര് രേഖപ്പെടുത്തുന്നത്. 1000 അടിയാണ് രാഖിയുടെ വലിപ്പം. 20 ഓളം കരകൗശല വിദഗ്‌ധരാണ് അദ്ദേഹത്തിന്‍റെ നേതൃത്യത്തിൽ രാഖി നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ളത്.
നാളെ (ഓഗസ്‌റ്റ് 31) അനാച്ഛാദനം ചെയ്യപ്പെടുന്ന ഭരദ്വാജിന്‍റെ മാസ്‌റ്റർ പീസ് രാഖിയിലൂടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ ഉൾപ്പെടെ അഞ്ച് പ്രമുഖ റെക്കോർഡ് കീപ്പിങ് ഓർഗനൈസേഷനുകൾ ഈ സൃഷ്‌ടിയെ ഔദ്യോഗികമായി അംഗീകരിക്കും. രക്ഷാബന്ധൻ മുതൽ ജന്മാഷ്‌ടമി വരെ രാഖി പൊതുദർശനത്തിനായി വയ്‌ക്കും.
Also Read : Tibetan MP's Visit : 'ചൈനയുടെ ഔദ്യോഗിക ഭൂപടം തികച്ചും തെറ്റാണ്' ; ഇന്ത്യ സന്ദര്‍ശിച്ച് ടിബറ്റന്‍ എംപിമാര്‍
സാഹോദര്യം കൂട്ടിയുറപ്പിക്കാൻ ഉത്തരേന്ത്യൻ സംസ്‌കാരത്തിന്‍റെ ഭാഗമായ രക്ഷാബന്ധൻ (Raksha Bandhan) ആഘോഷ നിറവിലാണ് രാജ്യം. സഹോദരിമാർ തങ്ങളുടെ സഹോദരങ്ങളുടെ കൈത്തണ്ടയിൽ സ്‌നേഹപൂർവം രാഖികൾ (Rakhi) കെട്ടി നൽകുന്നതാണ് രക്ഷാബന്ധൻ ചടങ്ങിന്‍റെ ഏറ്റവും ആകർഷണമായ ഭാഗം. ഇത് അവർ തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്‍റെയും സംരക്ഷണ പ്രതിബദ്ധതയുടേയും പ്രതീകമായാണ് കണക്കാക്കുന്നത്. പകരമായി, ജീവിത യാത്രയിലുടനീളം സഹോദരിമാരെ സംരക്ഷിക്കുമെന്നും പിന്തുണയ്‌ക്കുമെന്നും സഹോദരന്മാർ പ്രതിജ്ഞയെടുക്കുന്നു.
ലോകത്തിലെ ഏറ്റവും ചെറിയ രാഖി (World's Smallest Rakhi) : വിഖ്യാത കലാകാരൻ ഇഖ്‌ബാൽ സാക്കയാണ് (Iqbal Sakka) ലോകത്തിലെ ഏറ്റവും ചെറിയ രാഖി നെയ്‌തെടുത്തത്. കേവലം ഒരു മില്ലിമീറ്റർ നീളമുള്ള ഈ അതിമനോഹരമായ രാഖി കാണാൻ മാഗ്‌നിഫൈയിംഗ് ലെൻസ് ഉപയോഗിക്കണം. സൂചിയുടെ 12 ബോർ വലിപ്പമുള്ള ദ്വാരത്തിലൂടെ കടന്നുപോകാവുന്ന തരത്തിലാണ് രാഖിയുടെ നിർമാണം. സ്വന്തം പേരിൽ 100 ലധികം റെക്കോർഡുകൾ നേടിയതിന് പേരുകേട്ട ഇഖ്ബാൽ സാക്കയുടെ ഇനിയുള്ള ആഗ്രഹം ഇൻഡോറിലെ ഖജ്‌രാന ഗണേഷ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠയിൽ തന്‍റെ മൈക്രോ രാഖി കെട്ടുക എന്നതാണ്.
ലോകത്തിലെ ഏറ്റവും ഭാരമുള്ള രാഖി (World's Heaviest Rakhi) : 144 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന കലാസൃഷ്‌ടിയാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ രാഖി എന്ന റെക്കോർഡ്. ഏകദേശം ഒരു ക്വിന്‍റൽ ഭാരമേറിയ ഈ രാഖി ഉയർത്താൻ തന്നെ 10 ലധികം ആളുകൾ ഒന്നിച്ച് പരിശ്രമിക്കണം. സങ്കീർണമായ രീതിയിൽ 101 മീറ്റർ ത്രെഡ് ഉപയോഗിച്ചാണ് രാഖി നിർമിച്ചിട്ടുള്ളത്.