ന്യൂഡല്‍ഹി: 2024ഓടെ ലോകോത്തര നിലവാരമുള്ള 60,000 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി. പ്രതിദിനം 40 കിലോമീറ്റർ റോഡ് നിർമാണമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ റോഡ് വികസനം എന്ന വിഷയത്തിന്മേലുള്ള 16ാമത് വാര്‍ഷിക സമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. 63 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖലയാണുള്ളത്. രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന്‍റെ വളർച്ചയിൽ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.
നാഷണല്‍ ഇൻഫ്രാസ്ട്രക്‌ചര്‍ പൈപ്പ് ലൈനിലൂടെ (എൻഐപി) 111 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അടിസ്ഥാനസൗകര്യ വികസന മേഖലയിൽ ഗവൺമെന്‍റ് നടത്തുന്നത്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യം പൗരന്മാർക്ക് നൽകാനും അവരുടെ ജീവിതനിലവാരം ഉയർത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗഡ്കരി വ്യക്തമാക്കി. അടിസ്ഥാനസൗകര്യ മേഖലയിലെ ഓരോ വർഷവും ഉള്ള മൂലധനച്ചെലവുകളിൽ ഇക്കൊല്ലം 34 ശതമാനം വർധന (5.54 ലക്ഷം കോടി ) ആണ് കേന്ദ്രസർക്കാർ നടത്തിയതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.