മുംബൈ : മഹാരാഷ്‌ട്രയിലെ പർഭാനി ജില്ലയിൽ സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി തൊഴിലാളികളായ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പർഭാനിയിലെ സോൻപേത്ത് താലൂക്കിൽ ഫാം ഹൗസിലെ സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്‌ച ഉച്ചയോടെയാണ് തൊഴിലാളികൾ പണി ആരംഭിച്ചത്.
എന്നാല്‍ രാത്രി എട്ട് എട്ടുമണിയോടെയാണ് ഇവര്‍ക്ക് തളര്‍ച്ചയനുഭവപ്പെട്ടത്. ഉടൻ തന്നെ പൊലീസ് ബുൾഡോസർ ഉപയോഗിച്ച് സെപ്‌റ്റിക് ടാങ്ക് തകർത്ത് ആറ് തൊഴിലാളികളെ പുറത്തെത്തിച്ചു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ച് പേർ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.
ഒരാൾ ചികിത്സയിൽ തുടരുകയാണ്. സോൻപേത്ത് സ്വദേശികളായ ഷെയ്‌ഖ് സാദഖ് (45), മകൻ ഷെയ്‌ഖ് ഷാരൂഖ് (20), മരുമകൻ ഷെയ്‌ഖ് ജുനൈദ് (29), ജാവേദിന്‍റെ സഹോദരൻ ഷെയ്‌ഖ് നാവിദ് (25), ബന്ധു ഷെയ്‌ഖ് ഫിറോസ് (19) എന്നിവരാണ് മരിച്ചത്. ഷെയ്‌ഖ് സാബർ (18) എന്നയാളാണ് ചികിത്സയിൽ കഴിയുന്നത്. ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണ്. സെപ്‌റ്റിക് ടാങ്കിലെ വിഷവാതകം ശ്വസിച്ച് ശ്വാസതടസം സംഭവിച്ചാണ് ഇവരുടെ മരണം സംഭവിച്ചത്.