മുംബൈ: ജോലിക്ക് പോകാനായി ഭാര്യമാരെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി. തെറ്റിപിരിഞ്ഞിരിക്കുന്ന ഭാര്യയ്‌ക്ക് ജീവനാംശം നല്‍കണമെന്ന പൂനെയിലെ കുടുംബക്കോടതിയുടെ വിധിക്കെതിരായി ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ജോലി ലഭിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ജോലിക്ക് പോകാനോ അല്ലെങ്കില്‍ വീട്ടിലിരിക്കാനോ ഉള്ള സ്വാതന്ത്ര്യം സ്ത്രീക്കുണ്ടെന്ന് ജസ്‌റ്റീസ് ഭാരതി ഡാങ്കറെ പറഞ്ഞു.
"ഭാര്യമാര്‍ നിര്‍ബന്ധമായും സാമ്പാദിക്കണമെന്ന് നിലവില്‍ നമ്മുടെ സമൂഹം പറയുന്നില്ല. ജോലിക്ക് പോകണോ വേണ്ടയോ എന്നുള്ള കാര്യം സ്ത്രീകളുടെ തെരഞ്ഞെടുപ്പാണ്. ഒരു ബിരുദം ഉള്ളതുകൊണ്ട് മാത്രം ഭാര്യമാര്‍ ജോലിക്ക് പോകാതെ വീട്ടില്‍ ഇരിക്കാന്‍ പാടില്ല എന്ന് പറയാന്‍ സാധിക്കില്ല" ജസ്റ്റീസ് ഡാങ്കറെ പറഞ്ഞു. " ഇന്ന് ഞാന്‍ ഒരു ജഡ്‌ജിയാണ്. നാളെ ഞാന്‍ ജോലിചെയ്യാതെ വീട്ടില്‍ ഇരുന്നേക്കാം. അപ്പോള്‍ നിങ്ങള്‍ പറയുമോ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ പാടില്ല എന്ന്?" ജസ്റ്റീസ് ഭാരതി ഡാങ്കറെ ചോദിച്ചു.
തെറ്റിപിരിഞ്ഞിരിക്കുന്ന ഭാര്യയ്‌ക്ക് ബിരുദമുള്ളത് കൊണ്ടുതന്നെ ജോലിചെയ്യാനുള്ള കഴിവുണ്ടെന്നും അതിനാല്‍ ജിവനാംശത്തിന് വിധിച്ചത് അന്യായമാണെന്നുമായിരുന്നു ഭര്‍ത്താവിന്‍റെ അഭിഭാഷകന്‍റെ വാദം. പ്രതിമാസം 5,000 രൂപ ഭാര്യയ്‌ക്കും 7,000 രൂപ 13 വയസുള്ള കുട്ടിയുടെ ചെലവിനുമായി നല്‍കാനാണ് കുടുംബക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അടുത്തായാഴ്‌ച കോടതി തുടര്‍വാദം കേള്‍ക്കും.