ബെംഗളൂരു: തനിക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ ആരേയും കുറ്റപ്പെടുത്താനില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. കഴിഞ്ഞ ദിവസം മുൻ ലോക്‌സഭാംഗം വിഎസ് ഉഗ്രപ്പയും കോൺഗ്രസ് മീഡിയ കോർഡിനേറ്റർ എംഎ സലീമും ചേര്‍ന്ന് വാര്‍ത്താ സമ്മേളന വേളയില്‍ ശിവകുമാറിനെ വിമര്‍ശിച്ചിരുന്നു.
പത്ര സമ്മേളനം തുടങ്ങും മുന്‍പായിരുന്നു വിമര്‍ശനം. എന്നാല്‍ മൈക്ക് ഓണ്‍ ആയത് ഇരുവരും ശ്രദ്ധിച്ചിരുന്നില്ല. ശിവകുമാർ അഴിമതിക്കാരനും മദ്യപാനിയുമെന്നാണ് ഇരുവരും സംസാരിച്ചത്. ഇത് മൈക്കിലൂടെ പുറത്തുവന്നതോടെയാണ് വിവാദം കത്തിപ്പടർന്നത്.
ഇതോടെ വിഷയം ഏറ്റെടുത്ത ബിജെപി കടുത്ത വിമര്‍ശനമാണ് ശിവകുമാറിനെതിരെ നടത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ആരേയും കുറ്റം പറയാനില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. വിമര്‍ശിക്കാന്‍ ഉള്ള അവസരം തങ്ങള്‍ തന്നെയാണ് ഒരുക്കി നല്‍കിയത്. ആളുകള്‍ക്ക് പറയാനുള്ളത് പറയട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: ശിവൻ കുട്ടിക്കും മുഹമ്മദ് റിയാസിനും സിപിഎം എംഎല്‍എമാരുടെ രൂക്ഷവിമർശനം
വിഷയത്തില്‍ സലീമിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉഗ്രപ്പയോട് മൂന്ന് ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം ചെറുതല്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ഇത് ഏറെ ദുഖമുണ്ടാക്കിയെന്നുമാണ് ശിവകുമാറിന്‍റെ പക്ഷം. ബിജെപിയുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച ശിവകുമാര്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ആദ്യം മറുപടി പറയാന്‍ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു.
മുന്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പക്കെതിരെ ബിജെപി നേതാക്കളായ എഎച്ച് വിശ്വനാഥ്, സിപി യോഗേശ്വർ, രമേശ് ജാർക്കിഹോളി, ബസനഗൗഡ പാട്ടീൽ യത്നാൽ എന്നിവര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മറന്ന് പോകരുതെന്നും ശിവകുമാർ ഓര്‍മിപ്പിച്ചു.
ബിജെപിയിലെ പിരിവിനെ കുറിച്ച് എന്തുകൊണ്ടാണ് ഇവര്‍ സംസാരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുക മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.