കേശവഗിരി (ഹൈദരാബാദ്): പ്രേതബാധയുണ്ടെന്ന് ആരോപിച്ച് യുവതിക്ക് നേരെ മന്ത്രവാദിയുടെ ലൈംഗികാതിക്രമം (sexual assault). തന്ത്രിക് മസഖ് ഖാൻ എന്ന വ്യാജ സന്ന്യാസിയാണ് (fraud monk) യുവതിയോടു അതിക്രമം കാണിച്ചത്. ഹൈദരാബാദ് ഹുസൈനി ആലം പ്രദേശത്താണു സംഭവം നടന്നത്.
ഇന്‍റെർ വിദ്യാർഥിനിയായ യുവതിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. മൂന്ന് മാസങ്ങൾക്കു മുമ്പാണ് തലബ്‌കട്ട ഭവാനി നഗർ സ്വദേശിയുമായി യുവതി വിവാഹിതയായത്. ഇതിനിടെ ഭർത്താവിന്‍റെ വീട്ടിൽ താമസിക്കാൻ പോയപ്പോൾ യുവതിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി. ഇത് പ്രേതബാധയാണെന്ന് ഭർത്താവിന്‍റെ അമ്മ ആരോപിച്ചു.
പ്രേതബാധയകറ്റാൻ ബർകത്‌പുരയിലെ ബാബയുടെ അടുക്കലെത്തി അമ്മയുടെ നിർദേശ പ്രകാരം പൂജ നടത്തി. പൂജകൾക്ക് (ritual programs) ഫലം ലഭിക്കാത്തതിനാൽ ജൂലൈ ആദ്യ വാരം വീണ്ടും മന്ത്രവാദിയുടെ അടുത്തെത്തി. യുവതിയുടെ മേൽ അഞ്ച് തരത്തിലുള്ള പ്രേത ബാധകൾ ഉണ്ടെന്നും, ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്നും മന്ത്രവാദി നിർദേശിച്ചു.
മന്ത്രവാദി ആദ്യം തലബ്‌കട്ടയിലെ യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തി. ശേഷം പൂജകൾക്കായി വീട്ടിലെത്താൻ ആവശ്യപ്പെട്ടു. പുജയ്‌ക്കായി ഭർത്താവിനൊപ്പം സന്ന്യാസിയുടെ വീട്ടിലെത്തിയ യുവതിയുടെ കണ്ണുകൾ ഭർത്താവിനെ കൊണ്ട് കെട്ടിച്ചു. ശേഷം പൂജയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ഭർത്താവിനെ വീടിന് പുറത്തിരുത്തി.
തുടർന്നാണ് മസഖ് ഖാൻ യുവതിയോട് അതിക്രമം കാണിച്ചത്. പൂജയുടെ ആവശ്യത്തിനെന്ന പേരിൽ ശരീരമാസകലം എണ്ണ തേയ്‌ക്കണം എന്ന വ്യജേനയാണ് മസഖ് ഖാൻ യുവതിയോട് അപമര്യാദയായി പെരുമാറിയത്. താൻ ചെയ്‌തത് പൂജയുടെ ഭാഗമാണെന്ന് വീട്ടമ്മയെ പറഞ്ഞു ധരിപ്പിച്ചു. അതിക്രമം കാണിച്ചത് പുറത്ത് പറയരുതെന്നും യുവതിയോട് പറഞ്ഞു. പറഞ്ഞാൽ പൂജയുടെ ഫലം പോകുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി.
എന്നാൽ യുവതി വീട്ടിൽ എത്തിയ ഉടനെ താൻ പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാരോട് വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകാൻ യുവതി ശ്രമിച്ചു. എന്നാൽ വീട്ടുകാർ യുവതിയെ പരാതി നൽകാൻ അനുവദിക്കാതെ വീട്ടിൽ പൂട്ടിയിടുകയായിരുന്നു. 10 ദിവസത്തിന് ശേഷം യുവതിയുടെ സഹോദരിയുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തലബ്‌കട്ട ഭവാനി നഗർ പൊലീസ് ഇൻസ്‌പെക്‌ടർ അംജദ് അലി പരാതി രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പക്ഷെ ആ സമയം കൊണ്ട് മസഖ് ഖാൻ മഹാരാഷ്‌ട്രയിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ സമ്മർദത്താൽ കേസ് ഓഗസ്റ്റ് 22ന് ഭവാനി നഗർ പൊലീസ് സ്റ്റേഷനിൽ നിന്നും ബൽഗുഡ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.