ന്യൂഡൽഹി : മേളയ്‌ക്കിടെ റൈഡിൽ നിന്നും വീണ് പരിക്കേറ്റ മധ്യവയസ്‌ക ചികിത്സയിലിരിക്കെ മരിച്ചു. ബുധനാഴ്‌ച (6-09-2023 ) രാത്രി സം ബസാറിലെ (Som bazar) പാർക്കിലുണ്ടായിരുന്ന റൈഡിൽ നിന്നു വീണാണ് സ്‌ത്രീയ്‌ക്ക് പരിക്കേൽക്കുന്നത് (Woman Died After Fell Down From The Ride). വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
സദർപൂർ (Sadarpur) സ്വദേശിയായ ഉഷ (50), ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി (sri krishna janmashtami) ആഘോഷങ്ങളോടനുബന്ധിച്ച് മരുമകൾ സാലുവിനൊപ്പം മേളയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. റൈഡിൽ നിന്നു ഉഷ വീഴുന്നത് കണ്ട മരുമകൾ സാലു ഇവരെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ രണ്ടു പേരും റൈഡിൽ നിന്ന് വീഴുകയായിരുന്നു.
തുടർന്ന് ഇരുവരെയും നോയിഡയിലെ കൈലാഷ് സെക്‌ടർ 27 ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ച് ഉഷ മരണത്തിന് കീഴടങ്ങി. സാലു ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ഉഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. ഇവരെ കൂടാതെ മറ്റ് രണ്ട് സ്‌ത്രീകൾ കൂടി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് മേളയുടെ പ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തി വച്ചു. മേളയുടെ സംഘാടകരെയും മറ്റ ് പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്‌തു.
മേളയിൽ പ്രവർത്തിപ്പിച്ചിരുന്ന യന്ത്ര ഉപകരണങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് കൂടുതൽ പരിശോധന വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ മറ്റ് സ്‌ത്രീകളെ വിദഗ്‌ധ ചികിത്സയ്‌ക്കായി മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റും. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തിനു കാരണക്കാരയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് നോയിഡ എഎസ്‌പി രജനീഷ് വർമ പറഞ്ഞു. പരിക്കേറ്റ സാലുവിന്‍റെ നില ഗുരുതരമല്ല.
ALSO READ : പൊടുന്നനെ പൊട്ടിവീണ് യന്ത്ര ഊഞ്ഞാൽ ; 16 പേർക്ക് പരിക്ക്
യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് അപകടം: പഞ്ചാബിലെ മൊഹാലിയിൽ യന്ത്ര ഊഞ്ഞാൽ തകർന്ന് അപകടം ഉണ്ടായിരുന്നു. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ പതിനാറ് പേർക്ക് സംഭവത്തില്‍ പരിക്കേറ്റു. ഇവര്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൊഹാലിയിലെ ദസറ ഗ്രൗണ്ടിൽ നടന്ന എക്‌സിബിഷനിടെയാണ് അപകടമുണ്ടായത്. എക്‌സിബിഷന് വൻ ജനത്തിരക്കായിരുന്നു. ഉയരത്തില്‍ ആളുകളുമായി കറങ്ങുന്നതിനിടെ ഊഞ്ഞാൽ പൊടുന്നനെ താഴേക്ക് പതിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഒരേസമയം യന്ത്ര ഊഞ്ഞാലിൽ കയറാൻ കഴിയുന്നതിലും അപ്പുറം ആളുകൾ ഉണ്ടായിരുന്നതായാണ് വിവരം.
യന്ത്ര ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ പ്രവർത്തനം നിലയ്ക്കുകയും താഴേക്ക് പതിക്കുകയുമായിരുന്നു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിവരം. സംഭവത്തില്‍ മൊഹാലി പൊലീസ് അന്വേഷണം ആരംഭിച്ചു.