ബെംഗളൂരു: ജാർഖണ്ഡിൽ നിന്ന് 120 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി പുറപ്പെട്ട ഓക്സിജൻ എക്സ്പ്രസ് ബെംഗളൂരുവിലെത്തി. ലോക്കോ പൈലറ്റ് ഉൾപ്പടെ മുഴുവൻ ജീവനക്കാരും സ്ത്രീകളാണെന്ന പ്രത്യേകതയും വെള്ളിയാഴ്‌ച നഗരത്തലെത്തിയ ഓക്‌സിജൻ എക്‌സ്പ്രസിന് ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ജോലാർപേട്ടിൽ നിന്നാണ് ട്രെയിനിന്‍റെ നിയന്ത്രണം പൂർണമായും വനിതാ ജീവനക്കാർ ഏറ്റെടുത്തത്.
Also Read:കമൽ നാഥിന്‍റെ "കൊവിഡിന്‍റെ ഇന്ത്യൻ വകഭേദം" പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ
ലോക്കോ പൈലറ്റ് സിറീഷ ഗാജിനിയും അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് അപർണ ആർപിയും ആണ് ട്രെയിന്‍ നിയന്ത്രിച്ചത്. കർണാടകയിലേക്കുള്ള ഏഴാമത്തെ ഓക്സിജൻ എക്സ്പ്രസാണ് വെള്ളിയാഴ്‌ച എത്തിയത്. എട്ടാമത്തെ ഓക്‌സിജൻ എക്‌സ്പ്രസ് ഇന്ന് രാവിലെ ഗുജറാത്തിൽ നിന്നും ബെംഗളൂരുവിൽ എത്തിയതായും അധികൃതർ അറിയിച്ചു. പ്രതിദിനം 1,200 മെട്രിക് ടണ്‍ ഓക്‌സിജനാണ് കർണാടക സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ മാത്രം 32,218 കൊവിഡ് കേസുകളാണ് കർണാടകയിൽ സ്ഥിരീകരിച്ചത്.