ന്യൂഡല്‍ഹി: സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ കേന്ദ്ര സായുധസേനകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പാർലമെന്‍റ് സമിതി. നിലവില്‍ കേന്ദ്രസേനകളില്‍ സ്ത്രീ പ്രാതിനിധ്യം 3.68 ശതമാനമാണ്.
കോണ്‍സ്റ്റിബിള്‍ റാങ്ക് തലത്തില്‍ സിആര്‍പിഎഫിലും, സിഐഎസ്എഫിലും 33 ശതമാനവും, അതിര്‍ത്തി രക്ഷാ സേനകളായ ബിഎസ്എഫ്, എസ്എസ്ബി, ഐടിബിപി തുടങ്ങിയവയില്‍ 14-15 ശതമാനവും സ്ത്രീകള്‍ക്ക് സംവരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ 2016ല്‍ തീരുമാനിച്ച കാര്യം കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മയുടെ നേതൃത്വത്തിലുള്ള സ്റ്റാന്‍ഡിങ് കമ്മറ്റി രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി. അതിര്‍ത്തി ഔട്ട്പോസ്റ്റുകളില്‍ സ്ത്രീകള്‍കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് അതിര്‍ത്തി രക്ഷാസേനകളില്‍ ചേരുന്നതിനായി സ്ത്രീകളെ പ്രചോദിപ്പിക്കാന്‍ സാധിക്കുമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി വ്യക്തമാക്കി.
2022-23ലെ കേന്ദ്ര ബജറ്റ് എസ്റ്റിമേറ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 1,85,776.55 കോടി അനുവദിച്ചിട്ടുണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കി. 2021-22 ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ 11.54 ശതമാനത്തിന്‍റെ വര്‍ധനവാണിത്. നിയമനിര്‍മാണ സഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങള്‍ 2021-22 കേന്ദ്രബജറ്റില്‍ അവര്‍ക്ക് അനുവദിച്ച തുകയുടെ 66.83 ശതമാനം ചിലവഴിച്ചിട്ടുണ്ടെന്ന് സ്റ്റാന്‍ഡിങ് കമ്മറ്റി വ്യക്തമാക്കി.
2022 ജനുവരി വരെയുള്ള കണക്കാണിത്. ഏറ്റവും കുറഞ്ഞ രീതിയില്‍ ഫണ്ടുകള്‍ വിനിയോഗിച്ച ലഡാക്കിന്‍റെ കാര്യത്തില്‍ കമ്മിറ്റി നിരാശ പ്രകടിപ്പിച്ചു. ലഡാക്ക് ഫണ്ടുകള്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സ്വീകരിക്കണമെന്ന് കമ്മിറ്റി പറഞ്ഞു.
പത്ത് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സെന്‍സസിനെ കുറിച്ചും സ്‌റ്റാന്‍ഡിങ് കമ്മിറ്റി പ്രതിപാദിച്ചു. സെന്‍സസ് കേവലം കണക്കുകള്‍ക്കപ്പുറം രാജ്യത്തെ സാംസ്കാരിക വൈവിധ്യങ്ങള്‍ പ്രതിഫലിക്കുന്നതായിരിക്കണമെന്ന് കമ്മിറ്റി വ്യക്തമാക്കി. വരാ ന്‍പോകുന്ന സെന്‍സസ് മുതല്‍ അവയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുന്നത് പുനരാരംഭിക്കാന്‍ രജിസ്ട്രാര്‍ ജനറലുമായി കൂടിയാലോചിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ചു. രാജ്യത്ത് ഇതുവരെ നടന്ന സെന്‍സസുകളുടെ പാറ്റേണ്‍ പഠിക്കാനായി പ്രത്യേക വിദഗ്ദ്ധ സംഘത്തെ രജിസ്ട്രാര്‍ ജനറല്‍ നിയമിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
ALSO READ: 'കുടുംബാധിപത്യ രാഷ്‌ട്രീയം അപകടം'; എം.പിമാരുടെ മക്കള്‍ക്ക് സീറ്റ് നിഷേധിച്ചെന്ന ആരോപണത്തില്‍ മോദി