ബെംഗളൂരു: സ്‌ത്രീകളുടെ അടിവസ്‌ത്രവും മേക്കപ്പും ധരിക്കുന്നു എന്നാരോപിച്ച് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. 25കാരിയായ യുവതിയാണ് ബെംഗളൂരു കുമാരസ്വാമി ലോഔട്ട് പൊലീസില്‍ പരാതി നല്‍കിയത്. സ്‌ത്രീകളുടെ വസ്‌ത്രവും മേക്കപ്പും ധരിച്ച് ഭര്‍ത്താവ് വിചിത്രമായി പെരുമാറുന്നു എന്നും സ്‌ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും കുടുംബവും തന്നെ ശല്യം ചെയ്യുന്നു എന്നുമാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിന്‍മേല്‍ ഭര്‍ത്താവിനും ഇയാളുടെ മാതാപിതാക്കല്‍ക്കും എതിരെ സ്‌ത്രീധന പീഡനം ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌തു.
മാട്രിമോണി വഴി വന്ന വിവാഹാലോചന: മൂന്ന് വര്‍ഷം മുമ്പ് ഒരു മാട്രിമോണി വെബ്‌സൈറ്റ് വഴിയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. താന്‍ എംടെക് പൂര്‍ത്തിയാക്കിയ വ്യക്തിയാണെന്നും നല്ല ജോലിയും മികച്ച ശമ്പളവും ഉണ്ടെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നു. വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുകയും പിന്നീട് വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്‌തു.
2020 ലാണ് ഇരു കുടുംബങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നധ്യത്തില്‍ ഇവരുടെ വിവാഹം നടന്നത്. 100 പവന്‍ (800 ഗ്രാം) സ്വര്‍ണവും ഒരു കിലോ വെള്ളിയും അഞ്ച് ലക്ഷം രൂപയും സ്‌ത്രീധനം വാങ്ങിയാണ് യുവാവ് യുവതിയെ വിവാഹം ചെയ്‌തത്.
ആദ്യ രാത്രിയിലെ അസാധാരണ പെരുമാറ്റം: ആദ്യ രാത്രിയില്‍ മുറിയിലെത്തിയ യുവതി കണ്ടത് കണ്ണാടിക്ക് മുന്നില്‍ നിന്ന് ലിപ്‌സ്റ്റിക് തേച്ച് സ്‌ത്രീകളെ പോലെ അണിഞ്ഞൊരുങ്ങുന്ന ഭര്‍ത്താവിനെയാണ്. പിന്നാലെ ഇയാള്‍ സ്‌ത്രീകളുടെ അടിവസ്‌ത്രം ധരിച്ചു. ഇത് ചോദ്യം ചെയ്‌തതോടെ ഇയാള്‍ തനിക്ക് പുരുഷന്‍മാരെ വളരെയധികം ഇഷ്‌ടമാണെന്ന് ഭാര്യയോട് പറഞ്ഞു.
കൊവിഡിന് പിന്നാലെ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇരുവരും വീട്ടില്‍ തന്നെയായിരുന്നു. ഈ സമയത്ത് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് വര്‍ധിച്ചു. ഇതിനിടെ ഭര്‍തൃമാതാവ് യുവതിക്ക് നേരെ പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന മരുന്ന് തളിച്ചു.
അതിനിടെയിലും ഭര്‍ത്താവിന്‍റെ വിചിത്രമായ പെരുമാറ്റം നാള്‍ക്കു നാള്‍ വര്‍ധിച്ച് വരികയാണ് ചെയ്‌തത്. ഇയാളെ ആശുപത്രിയില്‍ കാണിക്കണമെന്നും അതിന് പണം ആവശ്യമാണെന്നും യുവതിയോട് ഭര്‍തൃമാതാവ് പറഞ്ഞു. മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിന്‍റെ ചികിത്സയ്‌ക്കായി 10 ലക്ഷം രൂപ വാങ്ങി വരാന്‍ പറഞ്ഞ് ഭര്‍തൃമാതാവ് യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങി. പീഡനം സഹിക്കവയ്യാതെ വന്നതോടെ യുവതി ഭര്‍ത്താവിന്‍റെ വീട് വിട്ടിറങ്ങി. ബന്ധുവിന്‍റെ വീട്ടില്‍ കഴിഞ്ഞിരുന്ന യുവതിയെ ഭര്‍ത്താവ് മാനസികമായി പീഡിപ്പിക്കുന്നത് തുടര്‍ന്നു. പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസില്‍ എത്തിയത്.
ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി: കഴിഞ്ഞ ദിവസം പട്‌നയില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലി മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌തു എന്നാരോപിച്ച് ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി രംഗത്ത് വന്നിരുന്നു. ബിഹാറിലെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനിലാണ് മൂന്ന് മക്കളുടെ അമ്മ കൂടിയായ യുവതി പരാതി നല്‍കിയത്.
ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും നിസാര കാര്യങ്ങള്‍ക്ക് പോലും ദിവസങ്ങളോളം തന്നെ മര്‍ദിക്കാറുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. താന്‍ സ്വതന്ത്രനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത് എന്നും യുവതി പരാതിയില്‍ പറഞ്ഞു.