നാദിയ: ആധുനിക വൈദ്യശാസ്‌ത്രത്തില്‍ അപൂര്‍വ സംഭവത്തിനാണ് പശ്ചിമ ബംഗാള്‍ നാദിയ ജില്ലയിലെ ശാന്തിപൂർ സര്‍ക്കാര്‍ ആശുപത്രി സാക്ഷ്യം വഹിച്ചത്. രണ്ട് ഗർഭപാത്രമുള്ള സ്‌ത്രീ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതാണ് ഈ അത്യപൂര്‍വ വാര്‍ത്ത. പ്രശസ്‌ത ഗൈനക്കോളജിസ്റ്റ് ഡോ. പവിത്ര ബേപാരിയാണ് ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയത്.
നാദിയയിലെ നർസിങ്പൂർ സ്വദേശിയായ അർപിത മണ്ഡലിനാണ് ഫെബ്രുവരി 20ന് ഉച്ചയ്‌ക്ക് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആഗോളതലത്തില്‍ തന്നെ ഇത്തരത്തില്‍ ആകെ 17 സംഭവങ്ങള്‍ മാത്രമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ. അതില്‍ മൂന്നെണ്ണം രാജ്യത്ത് തന്നെയാണ്. പുതിയ റിപ്പോര്‍ട്ടോടുകൂടി ഇതില്‍ രണ്ടെണ്ണം പശ്ചിമ ബംഗാളിലാണ്.
'ഡോക്‌ടറോട് എന്‍റെ കടപ്പാട് അറിയിക്കുന്നു': കൊൽക്കത്തയിലെ രാജർഹട്ട് ആശുപത്രിയിലാണ് സ്‌ത്രീയെ ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, ഇവിടെ നിന്നും ശാന്തിപൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേക മെഡിക്കൽ സംഘമാണ് ശസ്‌ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്. അസാധാരണമായ ശസ്‌ത്രക്രിയ വിജയകരമാവുകയും ഭാര്യയും കുട്ടികളും സുഖമായിരിക്കുന്നതിന്‍റേയും സന്തോഷത്തിലാണ്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ജിതേന്ദ്ര മൊണ്ഡാല്‍. ഡോ. പവിത്ര ബേപാരിയേട് വളരെയധികം കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഇത് സംസ്ഥാനത്തിന്‍റെ നേട്ടം': 'ആശുപത്രി സൂപ്രണ്ട്, അനസ്‌തെറ്റിസ്‌റ്റ്, പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്‌ടര്‍മാര്‍ എന്നിവര്‍ നന്നായി സഹകരിച്ചു. മറിച്ചായിരുന്നെങ്കില്‍ ഇത് സാധ്യമാകില്ലായിരുന്നു. ഈ നേട്ടം ശാന്തിപൂർ ആശുപത്രിക്ക് മാത്രമല്ല, നാദിപൂര്‍ ജില്ലയ്‌ക്കും പശ്ചിമ ബംഗാളിലെ ആരോഗ്യ മേഖലയ്‌ക്കുമാകെ അര്‍ഹതപ്പെട്ടതാണ്'- ഡോ. പവിത്ര ബേപാരി പറഞ്ഞു. ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇത്തരം സങ്കീർണമായ ശസ്‌ത്രക്രിയ നടത്തുന്നത് അപകടകരമാണെന്നും ബ്ലഡ് ബാങ്കിന്‍റെയും അനസ്‌തെറ്റിസ്റ്റുകളുടെയും പങ്ക് നിര്‍ണായകമാണെന്നും ഡോ. പവിത്ര കൂട്ടിച്ചേര്‍ത്തു.
ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ആശുപത്രി സൂപ്രണ്ട് ഡോ. താരക് ബർമൻ നന്ദി പറഞ്ഞു. തങ്ങളുടെ പരിമിതികളില്‍ നിന്നുകൊണ്ട് മെച്ചപ്പെട്ട സേവനങ്ങൾ നൽകാന്‍ നന്നായി പരിശ്രമിക്കുന്നുണ്ടെന്നും ഡോ. താരക് പറഞ്ഞു.