മുംബൈ : വീട്ടുജോലിക്കെന്ന വ്യാജേന ഒമാനിലെത്തിച്ച് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിൽ ബ്യൂട്ടി പാർലർ നടത്തുന്ന 43 കാരിയാണ് പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഏജന്‍റുമാരായ അഷ്‌റഫ്, നമിത എന്നിവർക്കെതിരെ കാശിമിറ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്.
ഏജന്‍റായ അഷ്‌റഫും നമിതയും ചേർന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് തന്നെ ഒമാനിലേക്ക് വിൽക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. 2022 ജൂൺ 8 നും 2022 ഓഗസ്റ്റ് 2 നും ഇടയിലാണ് ഇരയായ യുവതി കബളിപ്പിക്കപ്പെട്ടത്. 2022 ജൂണിലാണ് നവി മുംബൈയിലെ നെരൂളിൽ താമസിക്കുന്ന അഷ്‌റഫിനെ യുവതി കണ്ടുമുട്ടിയത്. തുടർന്ന് വീട്ടുജോലിക്കെന്ന വ്യാജേന യുവതിയെ ഒമാനിലേക്ക് അയക്കുകയും അവിടെ എത്തിയതിന് പിന്നാലെ ലൈംഗികത്തൊഴിലിന് നിർബന്ധിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ യുവതി നാട്ടില്‍ തിരിച്ചെത്തുകയും ഫെബ്രുവരി 21 ന് പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. നവി മുംബൈയിലെ നെരൂളിൽ സെക്ടർ ആറിൽ അഷ്‌റഫിനും നമിതയ്ക്കും ഓഫിസ് ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 420, 370, 34 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
അതേസമയം അഷ്‌റഫിനും നമിതയ്ക്കുമെതിരെ മറ്റെന്തെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിനുമുൻപ് പ്രതികൾ സമാന രീതിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് സ്‌ത്രീകളെ കബളിപ്പിച്ചിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.