ഹൈദരാബാദ്: തെലങ്കാനയിൽ സ്വന്തം കുഞ്ഞിനെ വിറ്റ ശേഷം തിരികെ ചോദിച്ച യുവതിയെ കൊലപ്പെടുത്തി. രംഗറെഡ്ഡി ജില്ലയിലെ ഷാദ്‌നഗർ മുനിസിപ്പാലിറ്റിയിലാണ് സംഭവം നടന്നത്. ബിഹാർ സ്വദേശിനിയായ ദേവകി (30)യാണ് തിങ്കളാഴ്‌ച രാത്രിയിൽ കൊല്ലപ്പെട്ടത്.
ദേവകി ഗർഭിണിയായിരിക്കെ ഏതാനും മാസങ്ങൾക്ക് മുൻപാണ് ഭർത്താവ് ഉപേക്ഷിച്ച് പോയത്. ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്ന യുവതിയ്‌ക്ക് രണ്ട് മാസം മുൻപ് ആൺകുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിന്‍റെ ചെലവുകൾ താങ്ങാതെ വന്നപ്പോൾ യുവതി കുഞ്ഞിനെ വിൽക്കുകയായിരുന്നെന്ന് സിഐ നവീൻ കുമാർ പറഞ്ഞു.
പുരുഷോത്തമൻ എന്ന വ്യക്തിയുടെ സഹായത്തോടെ ഷാദ്‌നഗറിൽ താമസിക്കുന്ന രാമുലു - ശാരദ ദമ്പതികൾക്കാണ് ദേവകി കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വളർത്താൻ താത്‌പര്യമുണ്ടെന്നറിയിച്ച ദമ്പതികൾ ഒന്നര ലക്ഷം രൂപയ്‌ക്കാണ് കുഞ്ഞിനെ വാങ്ങിയത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കുഞ്ഞിനെ തിരിച്ച് വേണം എന്ന് ആഗ്രഹം തോന്നിയ ദേവകി പല തവണ രാമുലുവിനെ ഇക്കാര്യത്തിനായി സമീപിച്ചിരുന്നു.
എന്നാൽ കുഞ്ഞിനെ തിരികെ നൽകാൻ രാമുലു തയ്യാറായിരുന്നില്ല. തിങ്കളാഴ്‌ച രാത്രി പണം തിരികെ നൽകി മകനെ ആവശ്യപ്പെട്ട യുവതിയെ രാമുലു ഷാളിൽ കെട്ടി തൂക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി മുനിസിപ്പൽ പരിധിയിലെ ചാത്തൻപള്ളിയിലെ റോഡരികിൽ തള്ളി.
പ്രദേശത്ത് അർധരാത്രിയിൽ പട്രോളിങ് നടത്തുകയായിരുന്ന കോൺസ്റ്റബിൾമാരായ റാഫി, ഭൂപാൽ റെഡ്ഡി, ഡ്രൈവർ ഗോവിന്ദു എന്നിവരാണ് റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രതി രാമുലുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു.