ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ വാഹനത്തിന് നേര്‍ക്ക് രണ്ട് ലക്ഷം വലിച്ചെറിഞ്ഞ് മുസ്‌ലിം യുവതിയുടെ രോഷപ്രകടനം. ജൂലായ് ആറിന് കേരൂരിലുണ്ടായ ഹിന്ദു - മുസ്‌ലിം ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ക്ക് അദ്ദേഹം നല്‍കിയ തുകയാണ് സ്‌ത്രീ എറിഞ്ഞത്. ബാഗൽകോട്ടിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവരെ സിദ്ധരാമയ്യ സന്ദര്‍ശിക്കുന്നതിനിടെ വെള്ളിയാഴ്‌ച(15.07.2022) രാവിലെയാണ് സംഭവം.
ക്ഷേമം അന്വേഷിച്ച് ആശുപത്രിയില്‍ നിന്നും മടങ്ങുന്ന വഴി, പരിക്കേറ്റവർക്ക് ലഭിച്ച നഷ്‌ടപരിഹാര തുക മുന്‍ മുഖ്യമന്ത്രിയ്‌ക്ക് തിരികെ നൽകാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. ഈ സമയത്ത് പണം തിരികെ വാങ്ങാന്‍ അദ്ദേഹം തയ്യാറാവാതെ വാഹനത്തിൽ കയറുകയുണ്ടായി. പൊലീസ് അകമ്പടി കണക്കിലെടുക്കാതെ വാഹനം നീങ്ങവെ യുവതി, സിദ്ധരാമയ്യയുടെ കാറിന് നേരെ പണം എറിയുകയായിരുന്നു.
'എല്ലാവരെയും ഒരുപോലെ കാണണം': അതേസമയം, സംഭവത്തിന് ശേഷം യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്‌ട്രീയക്കാർ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വോട്ട് ചോദിക്കാൻ വരുകയും പിന്നീട് തങ്ങളുടെ ഒരു പ്രശ്‌നവും കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്നും അവര്‍ ആരോപിച്ചു. ''ഹിന്ദുവായാലും മുസ്‌ലിമായാലും എല്ലാവരെയും ഒരുപോലെ കാണണം. ഞങ്ങള്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെങ്കില്‍ പോലും ഒരു കാരണവുമില്ലാതെ അവര്‍ ആക്രമിക്കുകയായിരുന്നു''.
''അവർ ഇന്ന് നഷ്‌ടപരിഹാരം നൽകും. എന്നാല്‍, പരിക്കേറ്റ ഞങ്ങളുടെ ആളുകൾ ഒരു വർഷം കിടക്കയിൽ വിശ്രമിക്കേണ്ട സ്ഥിതിയിലാണ്. ദിവസവും ഞങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങൾ ആരുകേള്‍ക്കും'', സ്‌ത്രീ ചോദിച്ചു. "പണം ഞങ്ങളുടെ പ്രശ്‌നത്തിനുള്ള പൂര്‍ണ പരിഹാരമല്ല. ഭിക്ഷ യാചിച്ച് കുടുംബം പോറ്റാന്‍ ഞങ്ങൾ തയ്യാറാണ്. ഹിന്ദുക്കളായാലും മുസ്‌ലിങ്ങളായാലും ഇത്തരം സംഭവങ്ങൾ ആർക്കുമുണ്ടാവരുത്''.
കേരൂർ സംഭവം: ജൂലായ് ആറിന് ബാഗൽകോട്ട് ജില്ലയിലെ കേരൂരില്‍ ഹിന്ദു - മുസ്‌ലിം വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ കുത്തേറ്റ് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇരു സമുദായങ്ങളിലെയും 18 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. സംഭവത്തില്‍, പൊലീസ് നാല് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.