ന്യൂഡൽഹി : ആത്‌മഹത്യക്കൊരുങ്ങിയ യുവതിയെ അവസരോചിത ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഡൽഹി പൊലീസ്. ആർകെ പുരം മേഖലയിലെ 30 കാരിയായ സ്‌ത്രീയെയാണ് ദ്രുതഗതിയിലുള്ള നീക്കത്തിലൂടെ ആത്മഹത്യാശ്രമത്തിൽ നിന്ന് പൊലീസ് തടഞ്ഞത്. ഭർത്താവുമായുള്ള വഴക്കിനെത്തുടർന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഏപ്രിൽ 7 നാണ് യുവതിയുടെ ആത്‌മഹത്യാഭീഷണി മുഴക്കിയുള്ള കോൾ പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഉടന്‍ തന്നെ പൊലീസ് സംഘം ഇവരുടെ വീട്ടിലേക്ക് പാഞ്ഞെത്തി. സംഘം സ്ഥലത്തെത്തിയപ്പോൾ പൂട്ടിയിട്ട മുറിക്കുള്ളിൽ ആത്മഹത്യ ചെയ്യാനായി ഫാനിൽ ദുപ്പട്ട കെട്ടുകയായിരുന്നു യുവതി. ഒട്ടും വൈകിക്കാതെ വാതിൽ തകർത്ത് അകത്ത് കടന്ന ഉദ്യോഗസ്ഥർ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
തുടർന്ന് വനിത പൊലീസിനൊപ്പം സ്റ്റേഷനിലെത്തിച്ച യുവതിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി. താനും ഭർത്താവും തമ്മിൽ വഴക്കിലാണെന്നും ഭർത്താവ് തന്നെ പിരിഞ്ഞ് താമസിക്കുന്നതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും യുവതി വെളിപ്പെടുത്തി.
കടുത്ത വിഷാദരോഗിയാണെന്നും യുവതി പൊലീസിനെ അറിയിച്ചു. അതേസമയം ഇവരുടെ ഭർത്താവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഇരുവർക്കും ഒരുമിച്ച് കൗണ്‍സിലിങ് നൽകിയിട്ടുണ്ടെന്ന് പൊലീസ് വിശദീകരിച്ചു.