വിശാഖപട്ടണം: അർധരാത്രിയിൽ വീട്ടിൽ കയറിയ നാല് മോഷ്‌ടാക്കളെ ചെറുത്ത യുവതി പരിക്കുകളോടെ ആശുപത്രിയിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലാണ് സംഭവം. പെൻഡുർത്തി സ്വദേശി അവിനാഷ് കുമാറിന്‍റെ ഭാര്യയായ ലാവണ്യയാണ് ചികിത്സയിൽ കഴിയുന്നത്.
പെൻഡുർത്തിയിലെ ശ്രീരാമക്ഷേത്രത്തിനടുത്ത് താമസിക്കുന്ന അപ്പറാവുവിന്‍റെ വീട്ടിലേയ്‌ക്ക് ഇന്ന്(ഒക്‌ടോബർ 27) പുലർച്ചെ 1.30ഓടെ ജനൽ ഗ്രിൽ അഴിച്ചുമാറ്റി നാല് അക്രമികൾ പ്രവേശിക്കുകയായിരുന്നു. ഇവർ മുറി തകർത്ത് മോഷ്‌ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശബ്‌ദം കേട്ട് ഉണർന്ന ലാവണ്യ ഇവരെ ശക്തമായി എതിർത്തു. പിടിവലിക്കിടയിൽ നിലവിളിച്ചതിനെ തുടർന്ന് മോഷ്‌ടാക്കൾ ലാവണ്യയെ കുത്തി മുറിവേൽപ്പിച്ച ശേഷം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവ സമയത്ത് ലാവണ്യയും ഭർത്താവ് അവിനാഷ് കുമാർ, ഭർതൃ മാതാപിതാക്കളായ അല്ല അപ്പറാവു, ലളിതകുമാരി, സഹോദരൻ വിനയ് കുമാർ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. നിലവിളികേട്ട് കുടുംബാംഗങ്ങൾ ഓടിവരാൻ ശ്രമിച്ചെങ്കിലും മോഷ്‌ടാക്കൾ മുറി പുറത്ത് നിന്ന് പൂട്ടിയിരുന്നു. നാട്ടുകാർ എത്തുന്നതിന് മുൻപ് അവർ രക്ഷപ്പെട്ടു.
ഉടനെ തന്നെ ലാവണ്യയെ വീട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സംഭവ സ്ഥലം സന്ദർശിച്ച ശേഷം അന്വേഷണം ആരംഭിച്ചു.