മുംബൈ : പീഡനശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ 29 കാരിയായ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. മഹാരാഷ്ട്രയിലെ ദാദർ സ്റ്റേഷനിൽ ഞായറാഴ്ച (06.08.23) രാത്രിയാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് പിടികൂടി.
ഓഗസ്റ്റ് 6 ന് പൂനെയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഉദ്യാൻ എക്‌സ്പ്രസിലെ ലേഡീസ് കംപാർട്ട്‌മെന്‍റിലാണ് സംഭവം. ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണ 29 ക്കാരിയായ യുവതിയ്ക്ക് പരിക്കേറ്റതായും മുംബൈ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയില്‍ എതിർത്തപ്പോൾ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് പ്രതി തള്ളിയിടുകയായിരുന്നു. പ്രതിക്ക് എതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ദാദർ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ചോദ്യചിഹ്നമായി ട്രെയിൻ സുരക്ഷ: സ്ത്രീകൾക്ക് എതിരെ അടക്കം ട്രെയിനുകളില്‍ തുടർച്ചയായ അക്രമ സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ട്രെയിനുകളിലെ സുരക്ഷ പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. സർക്കാരും റെയില്‍വേ അധികൃതരും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. ട്രെയിനുകളിലെ അതിക്രമം തടയുന്നതിനായി സുരക്ഷ സംവിധാനങ്ങളായ റെഡ് ബട്ടൺ സ്ഥാപിക്കുക, കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കുക, ലേഡീസ് കംപാർട്ട്മെന്‍റുകളില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ പട്രോളിങ് ശക്തമാക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ് റെയില്‍വേയ്ക്ക് മുന്നിലുള്ളത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.
also read : പീഡന ശ്രമം എതിര്‍ത്തു, യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
പശ്‌ചിമ ബംഗാളിലെ അലിപുർദ്വാറില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ശനിയാഴ്‌ച (06.08.23) രണ്ട് പേരെ റെയില്‍വേ പൊലീസ് പിടികൂടിയിരുന്നു. യുവതി കുട്ടിയുമായി അലിപുർദ്വാറിലേക്ക് പോകുമ്പോഴാണ് ക്രൂരകൃത്യം നടത്തിയത്. ട്രെയിൻ അസമിലെ ഫക്കിരാഗ്രാമില്‍ എത്തിയപ്പോൾ ഭൂരിഭാഗം യാത്രക്കാരും ഇറങ്ങുകയും കമ്പാർട്ടുമെന്‍റുകൾ കാലിയാകുകയും ചെയ്‌തിരുന്നു.
ഈ സമയം എത്തിയ അക്രമികൾ കുട്ടിയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ബലാത്സംഗം ചെയ്‌തത്. ട്രെയിൻ അലിപുർദ്വാർ ജംഗ്‌ഷനില്‍ എത്തിയപ്പോൾ യുവതി റെയില്‍വെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ അസം സ്വദേശികളായ രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്.