ഗ്വാളിയോര്‍ (മധ്യപ്രദേശ്): ഫോണില്‍ അയല്‍വാസിയായ യുവാവുമായി സംസാരിക്കുന്നത് എതിര്‍ത്ത ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ച് യുവതി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 32കാരനായ സുനില്‍ ധക്കാദ് എന്ന യുവാവിന്‍റെ സ്വകാര്യ ഭാഗത്താണ് ഇയാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ ഭാവന തിളച്ച എണ്ണ ഒഴിച്ചത്.
ആക്രമണത്തില്‍ സുനിലിന് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഭാവനയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഗ്വാളിയോര്‍ മാധവി നഗര്‍ മേഖലയില്‍ താമസക്കാരാണ് സുനിലും ഭാര്യ ഭാവനയും. ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് സുനില്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, തന്‍റെ ഭര്‍ത്താവുമായി സുനിലിന്‍റെ ഭാര്യ ഭാവന നിരന്തരം ഫോണില്‍ സംസാരിക്കുന്നു എന്ന് അയല്‍വാസിയായ യുവതി സുനിലിനോട് പരാതി പറഞ്ഞു.
വീട്ടിലെത്തിയ സുനില്‍ ഭാവനയോട് യുവാവുമായി ഫോണില്‍ സംസാരിക്കുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഭാവന യുവാവുമായുള്ള സംസാരം തുടര്‍ന്നു. കഴിഞ്ഞ ദിവസം സുനില്‍ വീട്ടിലെത്തിയപ്പോള്‍ ഭാവന യുവാവുമായി ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ഇതില്‍ പ്രകോപിതനായ ഇയാള്‍ ഭാര്യയുടെ ഫോണ്‍ കൈക്കലാക്കി. പിന്നാലെ ഭാവന ഭര്‍ത്താവിനോട് ദേഷ്യപ്പെട്ടു. രാത്രി രണ്ടു മണിയായപ്പോഴാണ് യുവതി തിളച്ച എണ്ണ, ഉറക്കത്തിലായിരുന്ന ഭര്‍ത്താവിന്‍റെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ ഇയാള്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്തതോടെ യുവതി ഒളിവില്‍ പോയി.
ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് തീ കൊളുത്തി: സെല്‍ഫി എടുക്കാനെന്ന വ്യാജേന ഭര്‍ത്താവിനെ മരത്തില്‍ കെട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ സ്‌ത്രീ അറസ്റ്റിലായിരുന്നു. ശക്തമായി പൊള്ളലേറ്റ ഇവരുടെ ഊര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സാഹെബ്‌ഗഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വസുദേവ്‌പൂര്‍ സറെയി പ്രദേശത്തായിരുന്നു സംഭവം.
ഭര്‍ത്താവിന് മേല്‍ തീയിട്ടതിന് ശേഷം സ്‌ത്രീ സംഭവ സ്ഥലത്ത് നിന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സമയത്ത് പ്രദേശവാസികള്‍ എത്തിയാണ് പൊള്ളലേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്. കൃത്യത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
ഭര്‍ത്താവിന്‍റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത് 5 ദിവസം: ഇക്കഴിഞ്ഞ മെയില്‍ ജാര്‍ഖണ്ഡിലെ ജംഷഡ്‌പൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനകത്ത് ഒളിപ്പിച്ച ഭാര്യ അറസ്‌റ്റിലായിരുന്നു. ജംഷഡ്‌പൂരിലെ ഉലിദിഹ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അഞ്ച് ദിവസത്തോളം വീടിനകത്ത് സൂക്ഷിച്ചത്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് വിവരം.
മാങ്കോവിലെ സുഭാഷ് കോളനിയിലെ താമസക്കാരനായിരുന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ അമര്‍നാഥ് സിങ്ങിനെയാണ് ഭാര്യ മീര കൊലപ്പെടുത്തിയത്. അമര്‍നാഥിനെ കാണാതായതോടെ അയല്‍വാസികള്‍ ഭാര്യയോട് അന്വേഷിച്ചിരുന്നു. എന്നാല്‍, ഇവരോട് മറുപടി നല്‍കുന്നതിന് പകരം ഭാര്യ മീര അയല്‍വാസികളെ ഓടിച്ചുവിടുകയാണ് ഉണ്ടായത്.
വീട്ടിലേയ്‌ക്ക് അയല്‍ക്കാര്‍ കടന്നുവരാതിരിക്കാന്‍ ഇവര്‍ വീടിന്‍റെ വേലിയില്‍ കറണ്ട് കണക്ഷന്‍ ഘടിപ്പിച്ചു. ഇതോടെയാണ് സമീപവാസികള്‍ക്ക് സംശയം ഉണ്ടായത്. പിന്നാലെ ഇവര്‍ പൂനെയില്‍ താമസിക്കുന്ന ഇവരുടെ മകനെ വിവരമറിയിച്ചു.
ഇതിനിടെ സംഭവത്തിന്‍റെ നിജസ്ഥിതി മനസിലാക്കാന്‍ അയല്‍വാസികള്‍ ചേര്‍ന്ന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഫ്യൂസ് ഊരിവച്ച് ഇവരുടെ വീട്ടിലേക്ക് കയറിയപ്പോഴാണ് അമര്‍നാഥിന്‍റെ മൃതദേഹം വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഇയാളുടെ മകന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി മീരയെ കസ്‌റ്റഡിയിലെടുത്തു.