ന്യൂഡല്‍ഹി : വീട്ടില്‍ സഹായത്തിനെത്തിയ 10 വയസുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ദ്വാരകയില്‍ എയര്‍ലൈന്‍ ഉദ്യേഗസ്ഥരായ ദമ്പതികള്‍ പൊലീസ് കസ്റ്റഡയില്‍. ദ്വാരകയില്‍ താമസിക്കുന്ന വനിത പൈലറ്റിനെയും ഭര്‍ത്താവായ എയര്‍ലൈന്‍ ജീവനക്കാരനെയുമാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇന്നലെയാണ് (ജൂലൈ 19) സംഭവം.
വീട്ടില്‍ സഹായത്തിനെത്തുന്ന കുട്ടിയോട് ദമ്പതികള്‍ മോശമായി പെരുമാറുന്നതും മര്‍ദിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് കുട്ടിക്ക് മര്‍ദനമേറ്റതായി കണ്ടെത്തിയത്. സംഭവം വ്യക്തമായതോടെ നാട്ടുകാരെത്തി ഇരുവരോടും കാര്യം തെരക്കിയെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു. ഇതോടെ നാട്ടുകാരും ദമ്പതികളുമായി സംഘര്‍ഷമുണ്ടായി.
നടുറോഡില്‍ നാട്ടുകാര്‍ ഭാര്യയേയും ഭര്‍ത്താവിനെയും ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഘര്‍ഷത്തിനും കൈയ്യേറ്റത്തിനും പിന്നാലെയാണ് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. നാട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിഷയത്തില്‍ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
പത്ത് വയസുകാരന് ആര്‍പിഎഫിന്‍റെ മര്‍ദനം : പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും മര്‍ദനങ്ങളും വര്‍ധിച്ച് വരികയാണ്. അടുത്തിടെയായി ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പുറത്ത് വന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും ഏതാനും ദിവസം മുമ്പാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ബെല്‍ത്തറ റോഡ് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിലത്ത് കിടന്നുറങ്ങിയ കുട്ടിക്ക് റയില്‍വേ പൊലീസിന്‍റെ ക്രൂര മര്‍ദമേറ്റു. കിടന്നുറങ്ങുകയായിരുന്ന കുട്ടിയുടെ തോളില്‍ ആര്‍പിഎഫ് ചവിട്ടുകയായിരുന്നു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.
സംഭവം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഉദ്യാഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ജനങ്ങള്‍ ആവശ്യമുന്നയിച്ചു. ഇതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു.
വയലില്‍ കളിച്ച കുട്ടികള്‍ക്ക് മര്‍ദനം : വയനാട്ടിലെ പനമരത്ത് വയലില്‍ കളിച്ച് കൊണ്ടിരുന്ന ആദിവാസി കുട്ടികള്‍ക്ക് മര്‍ദനമേറ്റ വാര്‍ത്തയും അടുത്തിടെയാണ് പുറത്തുവന്നത്. വയലിന്‍റെ ഉടമസ്ഥനാണ് കുട്ടികളെ മര്‍ദനത്തിന് ഇരയാക്കിയത്. നടവയല്‍ നെല്‍ക്കുപ്പ കോളനിയിലെ മൂന്ന് കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. വയല്‍ ഉടമ വടിയെടുത്ത് കുട്ടികളെ ക്രൂരമായി തല്ലുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടികളുടെ കാലിലും മുതുകിലും പരിക്കേറ്റു. സംഭവത്തില്‍ വയല്‍ ഉടമയെ അറസ്റ്റ് ചെയ്‌തു. മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
Also Read: വനിത ഡോക്‌ടറെ ശല്യം ചെയ്‌തത് ചോദിക്കാനെത്തി; എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്‌ടര്‍ക്ക് മര്‍ദനം