മുംബൈ : മഹാരാഷ്‌ട്രയിൽ വനിത നിയമസഭാംഗം ജൂനിയർ സിവിൽ എഞ്ചിനീയറെ പൊതുസ്ഥലത്തുവച്ച് തല്ലുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം താനെ ജില്ലയിലായിരുന്നു സംഭവം. മീര ഭയന്ദർ മുനിസിപ്പൽ കോർപറേഷനിലെ രണ്ട് എഞ്ചിനീയർമാരെ മീര ഭയന്ദർ എം എൽ എ ഗീത ജെയിൻ അധിക്ഷേപിക്കുന്നതും തല്ലുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
രണ്ട് ജൂനിയർ എഞ്ചിനീയർമാരിൽ ഒരാളെ കോളറിൽ പിടിച്ച് ഗീത കരണത്തടിക്കുകയായിരുന്നു. ഇവർക്ക് ചുറ്റും സുരക്ഷ ഉദ്യോഗസ്ഥരും കരഞ്ഞുകൊണ്ട് നിൽക്കുന്ന സ്‌ത്രീകളും കുട്ടികളും ദൃശ്യത്തിലുണ്ട്. എന്നാൽ തന്‍റെ പ്രവർത്തിയിൽ അൽപം പോലും ഖേദം ഇല്ലെന്നും എന്ത് ശിക്ഷയും നേരിടാൻ തയ്യാറാണെന്നും എം എൽ എ പറഞ്ഞു.
പരാതിക്കാരെ നോക്കി ചിരിച്ചതിന് അടി : അതേസമയം തന്‍റെ പ്രവര്‍ത്തി നിയമവിരുദ്ധമായെന്ന് എം എൽ എ സമ്മതിക്കുകയും ചെയ്‌തു. സംഭവം നടന്ന സ്ഥലത്ത് അനധികൃതമായി പണിത വീടുകൾ പൊളിച്ച് നീക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. വീട്ടുടമസ്ഥര്‍ തങ്ങളുടെ ദുരവസ്ഥ പങ്കുവയ്ക്കുമ്പോൾ ഉദ്യോഗസ്ഥൻ ചിരിക്കുന്നത് കണ്ട് തനിക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടു. അവരുടെ വീട് പൊളിക്കുന്നത് കണ്ട് സ്‌ത്രീകൾ കരയുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവരെ നോക്കി ചിരിക്കുകയാണ്.
പ്രവര്‍ത്തിയിൽ കുറ്റബോധമില്ല : തന്‍റെ പ്രവര്‍ത്തി അയാളോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നെന്നും സംഭവത്തിൽ എം എൽ എ വിശദീകരണം നൽകി. ജൂനിയർ എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലാണ് പൊളിച്ച് നീക്കൽ പ്രവർത്തനം നടന്നിരുന്നത്. എന്നാൽ ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റിയ വീടിന്‍റെ ഒരു ഭാഗം മാത്രമാണ് നിയമവിരുദ്ധമായി നിർമിച്ചിട്ടുള്ളത്.
അനധികൃമായി നിർമിച്ച ഭാഗം പൊളിച്ച് നീക്കാൻ താമസക്കാരും സമ്മതം അറിയിച്ചിരുന്നു. അനധികൃത നിർമാണം കൊണ്ട് മറ്റൊരു വ്യക്തിയുടെ നിർമാണപ്രവർത്തനങ്ങൾക്ക് തടസം നേരിട്ടതിനാലാണ് ഉടനെ വീടിന്‍റെ ഭാഗം പൊളിച്ച് നീക്കാൻ നടപടി എടുത്തത്. അല്ലാതെ സർക്കാരിനോ റോഡ് സൗകര്യത്തിനോ വേണ്ടി അല്ലെന്നും ഗീത എം എൽ എ പറഞ്ഞു.
ഉത്തരവ് ലംഘിച്ച് പൊളിച്ച് നീക്കൽ : അനധികൃത നിർമാണം മാത്രം പൊളിക്കുന്നതിന് പകരം വീട് മുഴുവനുമാണ് ജൂനിയർ എഞ്ചിനീയർമാർ തകര്‍ത്ത് നീക്കിയത്. നിയമപരമോ നിയമവിരുദ്ധമോ ആയ ഒരു വീടും മഴക്കാലത്ത് പൊളിക്കരുതെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നതായും എം എൽ എ പറഞ്ഞു. പൊളിച്ചുനീക്കൽ പ്രവർത്തനം നിർത്തിവയ്‌ക്കണമെന്ന് 15 ദിവസം മുൻപ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എല്ലാ വർഷവും ജൂൺ ഒന്നിന് ഈ ഉത്തരവ് പ്രാബല്യത്തിൽ വരാറുണ്ട്.
ഇത് ലംഘിച്ച് എഞ്ചിനീയർമാർ നടപടികളുമായി മുന്നോട്ടുപോയി വീട് പൊളിച്ചുനീക്കി. നടപടി തടഞ്ഞ താമസക്കാരായ സ്‌ത്രീകളെ നഗരസഭ ഉദ്യോഗസ്ഥർ ഉപദ്രവിച്ചതായും എം എൽ എ ആരോപിച്ചു. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗീത ജെയിൻ സ്വതന്ത്രയായാണ് വിജയിച്ചത്. പിന്നീട് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതിന് ശേഷം അവർ ശിവസേനയ്‌ക്ക് പിന്തുണ നൽകി. എന്നാൽ ഏക്‌നാഥ് ഷിൻഡെയുമായുള്ള തർക്കത്തെ തുടർന്ന് ഗീത ബിജെപിയിൽ ചേർന്നു.