ന്യൂഡല്‍ഹി: എംയിസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന 23 വയസുള്ള രോഗി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഭര്‍ത്താവുമായി ബൈക്കില്‍ സഞ്ചരിക്കവെ അപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ജീവന്‍ രക്ഷിക്കാന്‍ നിരവധി ശസ്‌ത്രക്രിയകള്‍ക്ക് വിധേയമാക്കുകയും ചെയ്‌തിരുന്നു.
മാര്‍ച്ച് 31നായിരുന്നു അപകടം സംഭവിച്ചത്. ഹെല്‍മെറ്റ് ധരിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് തലയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചുവെങ്കിലും അപകടം നടന്ന് ഏഴ് മാസമായിട്ടും ഇവര്‍ സാധാരണ നിലയിലേക്ക് തിരിച്ചുവന്നിരുന്നില്ല.
രോഗിക്ക് കണ്ണുകള്‍ തുറക്കാന്‍ സാധിച്ചിരുന്നെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനോ പ്രതികരിക്കാനോ ഇവര്‍ക്ക് സാധിക്കില്ല. അപകടം നടന്ന സമയം ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കില്‍ അതിവേഗത്തില്‍ ഇവര്‍ സുഖപ്പെടുമായിരുന്നു. രോഗിയുടെ ഭര്‍ത്താവ് ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു. അപകടത്തിന് ശേഷം ഇയാള്‍ തന്‍റെ ജോലി ഉപേക്ഷിച്ച് ഭാര്യയെ ശുശ്രൂഷിക്കുകയാണെന്ന് എയിംസ് ആശുപത്രിയിലെ ന്യൂറോസര്‍ജറി പ്രൊഫസര്‍ ഡോ. ദീപിക ഗുപ്‌ത പറഞ്ഞു.
രോഗിയെ ആശുപത്രിയിലെത്തിക്കുന്ന സമയം ഇവര്‍ 40 ദിവസം ഗര്‍ഭിണിയായിരുന്നു. രോഗിയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റുകൾ ഗര്‍ഭഛിദ്രം നടത്തേണ്ടതില്ലെന്നും രോഗി പൂര്‍ണ ആരോഗ്യത്തോടെയാണ് അമ്മയുടെ വയറ്റില്‍ വളരുന്നതെന്നും കണ്ടെത്തി. വൈദ്യശാസ്‌ത്രപരമായി ഗര്‍ഭഛിദ്രം നടത്തണോ എന്ന് രോഗിയുടെ കുടുംബത്തോട് ഡോക്‌ടര്‍ അഭിപ്രായം ആരാഞ്ഞു.
തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്തേണ്ടതില്ലെന്നും പ്രസവത്തിന് ശേഷം കുഞ്ഞിന്‍റെ ശുശ്രുഷകള്‍ താന്‍ ഏറ്റെടുത്തുകൊള്ളാമെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. നിലവില്‍ കുഞ്ഞിനെ മുലയൂട്ടാന്‍ രോഗിക്ക് സാധ്യമല്ലാത്തതിനാല്‍ കുപ്പിയില്‍ പാല്‍ ശേഖരിച്ച് കുട്ടിക്ക് കൊടുക്കുകയാണ് ചെയ്യുന്നതെന്ന് ഡോക്‌ടര്‍ ദീപിക പറഞ്ഞു.