മുംബൈ: ദീപാവലിക്ക് ഓൺലൈനായി മധുര പലഹാരങ്ങൾ ഓർഡർ ചെയ്യുന്നതിനിടെ 49 കാരിക്ക് 2.4 ലക്ഷം രൂപ നഷ്‌ടപ്പെട്ടു. സബർബൻ അന്ധേരി നിവാസിയായ പൂജ ഷായാണ് തട്ടിപ്പിനിരയായത്. ഞായറാഴ്‌ച ഒരു ഫുഡ് ഡെലിവറി ആപ്പിൽ മധുരപലഹാരങ്ങൾ ഓർഡർ ചെയ്യുന്നതിനിടെയാണ് സംഭവം.
പലഹാരം ഓർഡർ ചെയ്‌തതിന് ശേഷം ഓൺലൈനായി 1000 രൂപ അടയ്‌ക്കാൻ പൂജ ശ്രമിച്ചു. എന്നാൽ, പണമിടപാട് പരാജയപ്പെട്ടു. തുടർന്ന് ഓൺലൈനിൽ സ്വീറ്റ് ഷോപ്പ് നമ്പർ കണ്ടെത്തി അവരുമായി ബന്ധപ്പെട്ടു. മറുവശത്ത് കോൾ എടുത്തയാൾ പൂജയുടെ ക്രെഡിറ്റ് കാർഡ് നമ്പറും ഒടിപിയും പങ്കിടാൻ ആവശ്യപ്പെട്ടു. തുടർന്ന് പൂജ കാർഡ് വിവരങ്ങളും ഒടിപിയും പങ്കിട്ടു.
ഏതാനും മിനിട്ടുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്ന് 2,40,310 രൂപ നഷ്‌ടപ്പെട്ടു. പണം നഷ്‌ടപ്പെട്ടതിന് പിന്നാലെ തട്ടിപ്പിനിരയായ സ്‌ത്രീ ഓഷിവാര പൊലീസിൽ പരാതി നൽകി. തുടർന്ന് നഷ്‌ടപ്പെട്ട തുകയുടെ ഭൂരിഭാഗവും പൊലീസ് വീണ്ടെടുത്തു. 2,27,205 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് തടയാൻ പൊലീസിന് കഴിഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.