മിർസാപൂർ: യുപിയില്‍ ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് മൂന്ന് കുട്ടികളെ കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മക്കളെ കിണറ്റില്‍ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. ശേഷം വീടിന് തീയിട്ടാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. മിർസാപൂരിലെ പജ്ര ഗ്രാമത്തിൽ വെള്ളിയാഴ്‌ചയുണ്ടായ സംഭവത്തില്‍ ചന്ദ എന്ന യുവതി അറസ്റ്റിലായി.
ഒന്ന്, രണ്ട്, എട്ട് വയസുള്ള മൂന്ന് കുട്ടികളെയാണ് കിണറ്റിൽ എറിഞ്ഞ് കൊന്നത്. പ്രദേശവാസികള്‍ വീടിനുള്ളിലെ തീയണച്ച് യുവതിയെ രക്ഷിച്ചെങ്കിലും കുട്ടികൾ മരണത്തിന് കീഴടങ്ങി. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് യുവതി പ്രകോപിതയായതെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ചോദ്യം ചെയ്‌തുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
മുംബൈയിൽ ജോലി ചെയ്യുന്ന ഭർത്താവ് അമർജീത്തുമായി ചന്ദ ഫോണില്‍ സംസാരിച്ചിരുന്നു. ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുകയും വാക്കേറ്റത്തിന് കാരണമാവുകയും ചെയ്‌തു. ശേഷം, അത്താഴം കഴിഞ്ഞ് കുട്ടികള്‍ ഉറങ്ങി കിടക്കുമ്പോഴാണ് ക്രൂരത. ചന്ദ കുട്ടികളെ മുറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരികയും തുടര്‍ന്ന് അവരെ കിണറ്റില്‍ എറിയുകയുമായിരുന്നു. തുടർന്ന് വീടിന് തീയിടുകയും ചെയ്‌തു. ശേഷം, യുവതി സഹായത്തിനായി നിലവിളിച്ചു. ഇതോടെ അയൽവാസികൾ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയും യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
'മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു': കുട്ടികളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ കിണറ്റില്‍ വീണെന്നായിരുന്നു മറുപടി. നാട്ടുകാർ കിണറ്റിനുള്ളിലേക്ക് എത്തിനോക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ഇന്ന് പകല്‍ തെരച്ചിൽ നടത്തുകയും കൃതിയുടേയും അനുവിന്‍റേയും മൃതദേഹങ്ങൾ പുറത്തെടുക്കുകയും ചെയ്‌തു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ആകാശിന്‍റെ മൃതദേഹവും പുറത്തെത്തിച്ചു.
'ഭർത്താവുമായുള്ള ചില തർക്കത്തെ തുടർന്നാണ് യുവതി മക്കളെ കിണറ്റിലേക്ക് എറിഞ്ഞതെന്ന് ഞങ്ങൾക്ക് മനസിലായി. അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അന്വേഷണം തുടരുകയാണ്.' - അഡീഷണൽ പൊലീസ് സൂപ്രണ്ട് ഓപറേഷൻ ഒപി സിങ് ഇതേക്കുറിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി.
കുഞ്ഞിനെ പുഴയില്‍ എറിഞ്ഞുകൊന്ന അമ്മ പിടിയില്‍: മാനസിക വെല്ലുവിളി നേരിടുന്ന നാല് വയസുകാരനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതിന് അമ്മ അറസ്‌റ്റില്‍. രാജസ്ഥാനിലെ കോട്ടയിലെ ചംബാ നദിയിലാണ് കുട്ടിയെ എറിഞ്ഞ് കൊലപ്പെടുത്തിയത്. മധ്യപ്രദേശ് സ്വദേശിയായ സ്‌ത്രീ ബാരാന്‍ ജില്ലയിലെ മംഗ്രോളില്‍ എത്തി കുട്ടിയെ നദിയിലെറിയുകയായിരുന്നു.
ഫെബ്രുവരി 28ന് കുട്ടിയുടെ മൃതദേഹം അദര്‍ശിലയിലെ ചംബല്‍ നദിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്‌ത്രീ കുട്ടിയെ പുഴയിലെറിഞ്ഞതിന് ശേഷം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞതായി കണ്ടുവെന്ന് ഒരു പ്രദേശവാസി പൊലീസിന് മൊഴി നല്‍കി.
മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയുടെ വിവരങ്ങള്‍ കണ്ടെത്തുക എന്നത് പൊലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു. അടുത്ത കാലത്തായി ജില്ലയിലും തൊട്ടടുത്ത ജില്ലകളിലും കുട്ടികളെ കാണാതായി എന്ന തരത്തിലുള്ള പരാതികളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.