ഹൈദരാബാദ്: രണ്ടാനമ്മ 7 വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉപദ്രവിക്കുന്ന കാര്യം പിതാവിനോട് കുട്ടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. നഗര്‍ കുര്‍നൂളിലെ തിലകപ്പള്ളി സ്വദേശിയായ ഭാസ്‌കറിന്‍റെ മകന്‍ ഉജ്വല്‍ ഭാസ്‌കറിനെയാണ് മെയ് 21ന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാസ്‌കറാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംശയം തോന്നി രണ്ടാനമ്മയായ സരിതയെ (31) ചോദ്യം ചെയ്‌തപ്പോഴാണ് സത്യം പുറംലോകമറിയുന്നത്. ഉജ്വലിന്‍റെ അമ്മ ആറ് വര്‍ഷം മുന്‍പ് അസുഖബാധിതയായി മരിച്ചതിനെ തുടര്‍ന്നാണ് സരിതയെ ഭാസ്‌കര്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഉജ്വലിനെ സരിത സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. ഇക്കാര്യം കുട്ടി ഒരു തവണ പിതാവിനോട് പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് സരിത കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ഇത് രണ്ടാം തവണയാണ് ഉജ്വലിനെ സരിത കൊല്ലാൻ ശ്രമിക്കുന്നത്. ഉജ്വല്‍ മരിക്കുന്നതിന് 15 ദിവസം മുന്‍പ് ഒന്നാം നിലയില്‍ നിന്നും കുട്ടിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീട്ടുടമസ്ഥന്‍ കുട്ടി വീഴുന്നത് കണ്ട് രക്ഷപ്പെടുത്തിയതിനാല്‍ ശ്രമം വിഫലമായി. അപകടത്തിന് ശേഷം ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് സരിത വീണ്ടും ഉജ്വലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കെട്ടിട നിര്‍മാണ തൊഴിലാളിയായ ഭാസ്‌കര്‍ രണ്ട് വര്‍ഷം മുന്‍പാണ് മകനും ഭാര്യ സരിതയ്‌ക്കുമൊപ്പം ഹൈദരാബാദിലേക്ക് താമസം മാറിയത്. ദമ്പതികള്‍ക്ക് ആറ് മാസം പ്രായമായ ഒരു പെണ്‍കുഞ്ഞുമുണ്ട്.