ഷിമോഗ (കര്‍ണാടക) : ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി യുവതി. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. ഭദ്രാവതി സ്വദേശി അല്‍മ ഭാനുവിനും ആരിഫിനുമാണ് രണ്ട് പെണ്‍കുഞ്ഞുങ്ങളും രണ്ട് ആണ്‍കുഞ്ഞുങ്ങളും പിറന്നത്.
സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുഞ്ഞുങ്ങള്‍ പൂർണ ആരോഗ്യമുള്ളവരാണെങ്കിലും തൂക്കം കുറവായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരേ സമയം നാല് കുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നത് അപൂർവമാണ്.
സാധാരണ നാല് കുഞ്ഞുങ്ങളാണെങ്കില്‍ ഗര്‍ഭിണിയായി 28-ാമത്തെ ആഴ്‌ചയില്‍ തന്നെ പ്രസവിക്കാനാണ് കൂടുതല്‍ സാധ്യത. പ്രസവ സമയത്ത് കുഞ്ഞുങ്ങള്‍ മരിക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. എന്നാല്‍ 32 ആഴ്‌ച തികഞ്ഞതിനാലാണ് അല്‍മ ഭാനു-ആരിഫ് ദമ്പതികളുടെ കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നതെന്ന് യുവതിയെ ചികിത്സിച്ച ഡോക്‌ടര്‍ ധനഞ്ജയ സര്‍ജി പറയുന്നു.