പന്ന(മധ്യപ്രദേശ്): വനമേഖലയില്‍ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയ്‌ക്ക് വിറകിനൊപ്പം ലഭിച്ചത് വജ്രക്കല്ല്. വജ്ര ഖനികള്‍ക്ക് പേരുകേട്ട മധ്യപ്രദേശിലെ പന്നയിലാണ് സംഭവം. വീട്ടമ്മയ്‌ക്ക് ലഭിച്ച വജ്രക്കല്ല് ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുമെന്നാണ് വിവരം.
പുരുഷോത്തംപൂർ സ്വദേശിനിയായ ഗെന്ദ ബായിയെ തേടിയാണ് ഈ അപൂര്‍വ ഭാഗ്യം എത്തിയത്. വനത്തില്‍ നിന്ന് വജ്രം ലഭിച്ച ഉടനെ ഗെന്ദ ബായി ഡയമണ്ട് ഓഫിസിലെത്തി വിവരം അറിയിക്കുകയും വജ്രം ഓഫിസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു. ഗെന്ദ ബായിക്ക് കിട്ടിയത് 4.39 കാരറ്റ് വജ്രമാണെന്നും ലേലം ചെയ്‌തതിന് ശേഷം സർക്കാരിന്‍റെ റോയൽറ്റിയും നികുതിയും കിഴിച്ച് ബാക്കി തുക വീട്ടമ്മയ്‌ക്ക് നല്‍കുമെന്നും ഡയമണ്ട് ഓഫിസ് ഉദ്യോഗസ്ഥന്‍ അനുപം സിങ് പറഞ്ഞു.
കാട്ടിൽ നിന്നും ശേഖരിക്കുന്ന വിറക് വിറ്റാണ് ഗെന്ദ ബായിയുടെ കുടുംബം കഴിഞ്ഞുപോരുന്നത്. നാല് ആൺമക്കളും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. വജ്രം ലേലം ചെയ്‌ത് കിട്ടുന്ന പണം വീട് നിര്‍മാണത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും ഉപയോഗിക്കുമെന്ന് ഗെന്ദ ബായി പറഞ്ഞു.
Also Read ഡയമണ്ട് ഖനനം ചെയ്‌തെടുത്ത് വീട്ടമ്മ ; ലക്ഷങ്ങള്‍ വിലമതിക്കുന്നതെന്ന് അധികൃതര്‍