ജയ്‌പൂര്‍ : രാജസ്ഥാനിലെ ജോത്‌വാരയില്‍ പാചകം ചെയ്‌തുകൊണ്ടിരിക്കെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് 40കാരി മരിച്ചു. കലവാഡ് റോഡിലെ ഭോമിയ നഗര്‍ സ്വദേശിനി കിരണ്‍ കന്‍വാറാണ് (40) മരിച്ചത്. തിങ്കളാഴ്‌ചയായിരുന്നു (ജൂലൈ 31)ദാരുണ സംഭവം.
വീട്ടില്‍ പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച്, കുക്കറിന്‍റെ ഒരുഭാഗം കിരണ്‍ കന്‍വാറിന്‍റെ തലയില്‍ വന്നിടിച്ചു. ഇതിന്‍റെ ആഘാതത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ശബ്‌ദം കേട്ടതോടെ അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കിരണ്‍ കന്‍വാറിനെ ഗുരുതര പരിക്കുകളോടെ കണ്ടത്.
തലയ്‌ക്കേറ്റ പരിക്കുമൂലം അവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ജോത്‌വാര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഫൊറന്‍സിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കോഴിക്കോട് വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു: ഇക്കഴിഞ്ഞ 25നാണ് മുക്കത്ത് വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചത്. പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് വന്‍ ശബ്‌ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. കാരശേരി സ്വദേശി ബൈജു ബാപ്പുട്ടിയുടെ വീട്ടിലാണ് സംഭവം.
നാല് വര്‍ഷം പഴക്കമുള്ളതാണ് വാഷിങ് മെഷീന്‍. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമായതെന്നാണ് കെഎസ്‌ഇബി പറയുന്നത്. മെഷീനില്‍ അലക്കാനിട്ടിരുന്ന വസ്‌ത്രങ്ങളെല്ലാം സ്‌ഫോടനത്തില്‍ തെറിച്ചുപോയി. വാഷിങ് മെഷീന്‍റെ വയറുകളും സമീപത്തുണ്ടായിരുന്ന പൈപ്പുകളും കത്തിയമര്‍ന്നു. പൊട്ടിത്തെറിക്ക് പിന്നാലെ കുടുംബം വാഷിങ് മെഷീന്‍ കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്‌ഫോടനം: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 16 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അളകനന്ദ നദിയുടെ തീരത്തെ നമാമി ഗംഗ പദ്ധതി പ്രദേശത്താണ് സംഭവം. പ്രൊജക്‌ടിന്‍റെ ഭാഗമായുള്ള മലിനജല ശുദ്ധീകരണ കേന്ദ്രത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനം ഉണ്ടായതോടെ സ്ഥലത്തുണ്ടായ മറ്റൊരാള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയും ചെയ്‌തു. അപകടത്തില്‍ പരിക്കേറ്റവര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഹെലികോപ്‌റ്റര്‍ അടക്കം സ്ഥലത്ത് എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉള്‍പ്പടെയുള്ളവര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ പേര്‍ക്കും മികച്ച ചികിത്സ നല്‍കാനും സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കുറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.