ന്യൂഡല്‍ഹി: വനിത താരത്തോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ദേശീയ സൈക്ലിങ് ടീം മുഖ്യ പരിശീലകന്‍ ആര്‍കെ ശര്‍മയ്‌ക്കെതിരെ അന്വേഷണം. സ്ലോവേനിയയിലെ പരിശീലന ക്യാമ്പിനിടെ ആര്‍കെ ശര്‍മ അനുചിതമായി പെരുമാറിയെന്ന പ്രമുഖ വനിത താരത്തിന്‍റെ പരാതി അന്വേഷിക്കാന്‍ സായ് (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) അന്വേഷണ കമ്മിറ്റി രൂപീകരിച്ചു.
ജൂണ്‍ 18 മുതല്‍ 22 വരെ ഡല്‍ഹിയില്‍ നടക്കുന്ന ഏഷ്യന്‍ ട്രാക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള ക്യാമ്പില്‍ അംഗമായിരുന്ന താരമാണ് പരാതിക്കാരി. ഇ മെയില്‍ വഴിയാണ് പരാതി ലഭിച്ചതെന്നും, സുരക്ഷ പരിഗണിച്ച് താരത്തിനെ ഉടന്‍ തന്നെ നാട്ടിലെത്തിച്ചതായും സായ് അറിയിച്ചു.
'സ്ലോവേനിയയിലെ ക്യാമ്പിനിടെ ഒരു കോച്ച് അനുചിതമായ പെരുമാറിയതായി ഒരു സൈക്ലിസ്റ്റില്‍ നിന്ന് പരാതി ലഭിച്ചു. സിഎഫ്‌ഐയുടെ (സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) നിര്‍ദേശപ്രകാരമാണ് പരിശീലകനെ നിയമിച്ചത്. അത്‌ലറ്റിന്‍റെ പരാതിയെത്തുടർന്ന്, സുരക്ഷ ഉറപ്പാക്കാൻ സായ് ഉടൻ തന്നെ അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരികയും, വിഷയം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
വിഷയം മുൻഗണനാക്രമത്തിൽ കൈകാര്യം ചെയ്യുന്നു, ഉടൻ തന്നെ പരിഹരിക്കും' സായ് പ്രസ്താവനയില്‍ വ്യക്തമാക്കി. എയർഫോഴ്‌സ് മുൻ എച്ച്ആർ മാനേജർ കൂടിയായ ശർമ്മ 2014 മുതൽ ജൂനിയർ, സീനിയർ സൈക്ലിങ് ടീമിനൊപ്പം പ്രവർത്തിക്കുന്നുണ്ട്.