ശ്രീഗംഗാനഗര്‍ (രാജസ്ഥാന്‍): കത്തിയുമായി ബാങ്ക് മോഷണത്തിനെത്തിയ ആളെ ധീരമായി തടഞ്ഞ് വനിത ബാങ്ക് മാനേജര്‍. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാജസ്ഥാനിലെ ശ്രീഗംഗ നഗര്‍ നഗരത്തിലെ മരുധാര ഗ്രാമീണ ബാങ്കിലാണ് സംഭവം.
തുണികൊണ്ട് മുഖം മറച്ച് കത്തിയുമായാണ് മോഷ്‌ടാവ് ബാങ്കില്‍ പ്രവേശിച്ചത്. മൊബൈല്‍ ഫോണുകള്‍ തന്‍റെ കൈയില്‍ തരാന്‍ കത്തികൊണ്ട് ഭീഷണിപ്പെടുത്തി ഇയാള്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ ആദ്യഘട്ടത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയായിരുന്നു.
എന്നാല്‍ വനിത ബാങ്ക് മാനേജര്‍ കാബിനില്‍ നിന്ന് പുറത്തുവന്ന് ഭയചകിതയാകാതെ ഇയാളെ തടുക്കുകയായിരുന്നു. പിന്നീട് ധൈര്യം സംഭരിച്ച് മറ്റ് ജീവനക്കാരും ഇയാളെ നേരിട്ടു. ഈ സമയത്ത് ബാങ്ക് മാനേജര്‍ പൊലീസിനെ വിളിക്കുന്നതും സിസിടിവിയില്‍ കാണാം. മോഷ്‌ടാവിനെ പിന്നീട് പൊലീസ് പിടികൂടി.