മധേപുര (ബിഹാർ): യുവതിയെ മർദനത്തിനിരയാക്കിയ ശേഷം ഗ്രാമത്തിലൂടെ അർധ നഗ്നയാക്കി നടത്തിച്ചു. മധേപുര ടൗൺ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്.
ചൊവ്വാഴ്‌ച വൈകുന്നേരം അടുത്തുള്ള ചോളത്തോട്ടത്തിൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പോയ യുവതിയെ ഗ്രാമത്തിലെ ചില യുവാക്കൾ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടി. നാട്ടുകാരെ കണ്ടപ്പോൾ സ്ത്രീ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നും തങ്ങളെ കണ്ടപ്പോൾ അയാൾ ഓടിക്കളഞ്ഞുവെന്നും യുവാക്കൾ കഥ മെനഞ്ഞു.
യുവാക്കളുടെ കഥ വിശ്വസിച്ച ഗ്രാമവാസികൾ പഞ്ചായത്ത് വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടു. പഞ്ചായത്തിൽ വച്ച് യുവതിയോട് യുവാക്കളെ കണ്ടപ്പോൾ ഓടിപ്പോയയാളുടെ പേര് പറയാൻ ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച യുവതി, യുവാക്കൾ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും എതിർത്തപ്പോൾ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു.
സ്ത്രീയുടെ ആരോപണത്തിൽ രോഷാകുലരായ യുവാക്കൾ ഗ്രാമവാസികളുടെ മുൻപിൽ വച്ച് യുവതിയെ മർദിക്കുകയും അർധ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ റെയ്‌ഡ് നടത്തിയെന്നും മധേപുര എസ്എച്ച്ഒ സുരേന്ദ്ര സിങ് പറഞ്ഞു.
Also Read: പൂനെയിൽ 11 വയസുകാരിക്ക് പീഡനം; സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരൻ അറസ്‌റ്റിൽ