വിജയനഗരം (ആന്ധ്രാപ്രദേശ്): സിനിമയിൽ അഭിനയിപ്പിച്ച് പണം ഉണ്ടാക്കുന്നതിനായി മാസങ്ങളായി അമ്മ ശരീര വളർച്ചക്കുള്ള ഹോർമോണ്‍ ഇഞ്ചക്ഷനുകൾ നൽകി ചൂഷണം ചെയ്‌തുവന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബാലാവകാശ കമ്മിഷൻ മോചിപ്പിച്ചു. ആന്ധ്രയിലെ വിജയനഗരം സ്വദേശിനിയായ 15 കാരിയേയാണ് ബാലാവകാശ കമ്മിഷൻ മോചിപ്പിച്ചത്.
വിശാഖപട്ടണത്തിലെ സർക്കാർ സ്‌കൂളിൽ നിന്ന് 10-ാം ക്ലാസ് പൂർത്തിയാക്കി വേനലവധിക്ക് വീട്ടിൽ എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് അമ്മ നിരന്തരം വളർച്ച ഹോർമോണ്‍ നൽകിയത്. നിരന്തരം ഹോർമോണ്‍ കുത്തിവയ്‌ക്കുന്നതിലൂടെയുള്ള വേദന അസഹനീയമായതോടെ പെണ്‍കുട്ടി ചൈൽഡ് ലൈനിൽ വിളിച്ച് പരാതി നൽകുകയായിരുന്നു.
പിന്നാലെ ചൈൽഡ് ലൈൻ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. അമ്മ ആദ്യ ഭർത്താവുമായി വിവാഹ മോചനം നേടിയ ശേഷം മാതാവിനൊപ്പമാണ് കുട്ടിയുടെ താമസം. വിവാഹ മോചനത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ രണ്ടാം വിവാഹം കഴിച്ചിരുന്നു.
ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കുട്ടികൾ ജനിച്ചതിന് പിന്നാലെ രണ്ടാം ഭർത്താവും ഇവരെ ഉപേക്ഷിച്ചിരുന്നു. പിന്നാലെ ഇവർ മറ്റൊരു പുരുഷനുമായി ബന്ധത്തിലാവുകയും ഇയാൾക്കൊപ്പം താമസം തുടങ്ങുകയും ചെയ്‌തു. ഇയാളുടെ നിർദേശ പ്രകാരമായിരുന്നു പെണ്‍കുട്ടിക്ക് ഇവർ വളർച്ച ഹോർമോണുകൾ നൽകി വന്നിരുന്നത്.
പെണ്‍കുട്ടിക്ക് സിനിമയിൽ അഭിനയിക്കാനുള്ള കഴിവുണ്ടെന്നും അതിനാൽ പെട്ടെന്ന് ശരീര വളർച്ച ഉണ്ടാകാൻ വളർച്ച ഹോർമോണ്‍ നൽകണമെന്നും ഇയാൾ പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞു. കൂടാതെ സിനിമയിൽ അഭിനയിച്ചാൽ അതിലൂടെ മികച്ച വരുമാനം ഉണ്ടാക്കാനാകുമെന്നും ഇയാൾ കുട്ടിയുടെ അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി.
ഇതിന് പിന്നാലെയാണ് പെട്ടെന്ന് വളർച്ച നേടുന്നതിനായി ഇവർ പെണ്‍കുട്ടിക്ക് നിരന്തരം വളർച്ച ഹോർമോണുകൾ നൽകി വന്നത്. വേനലവധിക്ക് വീട്ടിൽ എത്തിയ കുട്ടി പുരുഷ സുഹൃത്തിനെ വീട്ടിൽ താമസിപ്പിക്കുന്നതിനെതിരെ അമ്മയുമായി നിരന്തരം വഴക്ക് ഇട്ടിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടി വ്യാഴാഴ്‌ച രാത്രി ചൈൽഡ് ലൈനിന്‍റെ 1098 നമ്പറിൽ വിളിക്കുകയും സഹായം അഭ്യർഥിക്കുകയുമായിരുന്നു.
തുടർന്ന് വെള്ളിയാഴ്‌ച തന്നെ ബാലാവകാശ കമ്മിഷന്‍റെയും പൊലീസിന്‍റെയും സംയുക്‌ത സംഘം പെണ്‍കുട്ടിയുടെ വീട്ടിൽ എത്തുകയും അമ്മയുടെ ചൂഷണത്തിൽ നിന്ന് പെണ്‍കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ നിലവിൽ വിശാഖപട്ടണത്തെ സ്വധർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു.
മകളെ കൊലപ്പെടുത്തി മാതാപിതാക്കൾ : കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ ഝാൻസിയിൽ പ്രണയത്തെച്ചൊല്ലി 16 കാരിയെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. മകൾ മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇവർ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഇവർ പെണ്‍കുട്ടിയെ നിർബന്ധിച്ചെങ്കിലും പെണ്‍കുട്ടി ഇതിന് വഴങ്ങാതായതോടെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ആത്മഹത്യയാണെന്ന് ചിത്രീകരിക്കുന്നതിനായി മൃതദേഹം വീട്ടിൽ തന്നെ കെട്ടിത്തൂക്കി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
ALSO READ : പ്രണയം പിടികൂടി, വിലക്കേര്‍പ്പെടുത്തിയിട്ടും കണ്ടുമുട്ടി; 16 കാരിയെ കൊലപ്പെടുത്തി മാതാപിതാക്കള്‍