മുംബൈ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര നിയന്ത്രണം കടുപ്പിക്കുന്നു. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 15 വരെ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ആളുകള്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചു. മാളുകള്‍, റസ്‌റ്റോറന്‍റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രാത്രി എട്ടിന് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
ഭക്ഷണ വിതരണം അനുവദിക്കും. ശനിയാഴ്ച മുതല്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ ആളുകള്‍ കൂടുന്നത് അനുവദിക്കില്ല. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് 1000 രൂപയാണ് പിഴ. മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് 500 രൂപയും പൊതുസ്ഥലത്ത് തുപ്പുന്നവരില്‍നിന്ന് 1000 രൂപയും ഈടാക്കും. സാംസ്‌കാരിക, മത, രാഷ്ട്രീയ പരിപാടികള്‍ക്കൊന്നും അനുമതിയില്ല.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിലായിരുന്നു കൊവിഡ് അവലോകനയോഗം. ഉപമുഖ്യമന്ത്രി അജിത് പവാർ, ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ആരോഗ്യ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.