ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം മുഴുവൻ സാമ്പത്തികമായി പ്രതിസന്ധിയിലായ കൊവിഡ് കാലഘട്ടത്തിൽ വ്യവസായി ഗൗതം അദാനിയ്ക്ക് തന്‍റെ സ്വത്ത് 50 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
2021 ൽ അദാനിയുടെ ആസ്തി 16.2 ബില്യൺ യുഎസ് ഡോളർ കൂടിയതായാണ് വിവരം. ഗൗതം അദാനി 12 ലക്ഷം കോടി രൂപ സമ്പാദിക്കുകയും സമ്പത്ത് 50 ശതമാനം വർധിപ്പിക്കുകയും ചെയ്തപ്പോൾ സാധാരണ ജനങ്ങൾ അതിജീവിക്കാൻ പാടുപെടുകയായിരുന്നു. ഇതെങ്ങനെയാണ് സാധിക്കുന്നതെന്ന് പറഞ്ഞ് തരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വരുമാന വളർച്ചയിൽ ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിനെയും ടെസ്ല സിഇഒ എലോൺ മസ്‌ക്കിനെയും അദാനി തോൽപ്പിച്ചതായും റിപ്പോർട്ടുണ്ട്.