എറണാകുളം: കോൺഗ്രസ് ദേശീയ അധ്യക്ഷനാകാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് ഗെലോട്ടും നാമനിർദേശപത്രിക സമർപ്പിക്കുമെന്ന വാർത്തകൾക്കിടെയാണ് രാഹുലിനോട് വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ അഭ്യർഥിക്കുമെന്ന് ഗെലോട്ട് അറിയിച്ചത്.
കോൺഗ്രസിൽ ഇരട്ട പദവി സംബന്ധിച്ച തർക്കത്തിന് അടിസ്ഥാനമില്ല. മുമ്പും താനും പല സ്ഥാനങ്ങൾ ഒരുമിച്ച് വഹിച്ചിട്ടുണ്ട്. താൻ കോൺഗ്രസ് സേവകൻ മാത്രമാണ്. രാഹുൽ ഗാന്ധി തന്നെ ദേശീയ അദ്ധ്യക്ഷനാകണമെന്നാണ് ആഗ്രഹമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.
ജനാധിപത്യം അപകടത്തിലായിരിക്കുന്ന സാഹചര്യമാണ് നമ്മുടെ രാജ്യത്തുള്ളത്. ഈ അവസ്ഥയിൽ ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. അത് കോൺഗ്രസിന് മാത്രമേ സാധിക്കു. പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷനാകണമെന്നും ഗെലോട്ട് പറഞ്ഞു.
ഇക്കാര്യം നേരിട്ട് അറിയിക്കാൻ പിസിസി അധ്യക്ഷനും തനിക്കൊപ്പമെത്തിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു അശോക് ഗെലോട്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഗെലോട്ട് ഇക്കാര്യം വ്യക്തമാക്കിയത്.