ലഖ്‌നൗ : പ്രശസ്ത ഉറുദുകവി മുനവീര്‍ റാണ കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞു. 'ഉത്തര്‍ പ്രദേശില്‍ വീണ്ടും യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയാല്‍ ഞാന്‍ ലഖ്‌നൗ വിടും'. റാണ യുപി വിടുമോ അതോ തുടരുമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. റാണ സംസ്ഥാനം വിടുമോ ഇല്ലയോ എന്നത് തര്‍ക്ക വിഷയമല്ല.
എന്നാല്‍ മുസ്ലിം മത വിഭാഗം എത്തരത്തിലാണ് വോട്ടിങ്ങില്‍ ഇടപെട്ടത് എന്നത് സുപ്രധാനമാണ്. 2011 ലെ സെൻസസ് പ്രകാരം 38,483,967 പേരാണ് യുപിയില്‍ മുസ്ലിങ്ങളായുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 19.30 ശതമാനം വരും. ഇവരുടെ വോട്ട് സംസ്ഥാനത്തെ 100 സീറ്റുകളില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനസംഖ്യയില്‍ പ്രധാന സ്ഥാനത്താണെങ്കിലും ബിജെപി സര്‍ക്കാറിന് കാര്യമായ പ്രഹരമേല്‍പ്പിക്കാന്‍ ഈ വിഭാഗത്തിന് ഇതുവരെ കഴിഞ്ഞില്ലെന്നാണ് മുന്‍കാല ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഹിന്ദുത്വത്തെ കൂട്ടുപിടിച്ച് ബിജെപി
ബിജെപിക്കും തീവ്ര വലതുപക്ഷ കക്ഷികള്‍ക്കും വേരോട്ടം ഏറെയുള്ള മണ്ണാണ് യു.പി. ഭൂരിപക്ഷമതത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ എപ്പോഴും ബിജെപി പ്രകോപനങ്ങളുണ്ടാക്കിയിരുന്നു. ഇതിനായി അവര്‍ മതവികാരം ഇളക്കിവിട്ടു. ഇതോടെ ജാതി മറന്ന് ഭൂരിപക്ഷമായ ഹിന്ദുക്കളെ മതവികാരത്തിലേക്ക് എത്തിക്കുന്നതിലും അതുവഴി നേട്ടം കൊയ്യുന്നതിലും ബിജെപി പലപ്പോഴും വിജയിച്ചു.
2014 മുതൽ 2019 വരെയുള്ള കാലയളവില്‍ യുപിയിലെ ജനങ്ങൾ ഹിന്ദുത്വ അജണ്ടയിലേക്കാണ് നീങ്ങിയത്. ഹിന്ദുക്കള്‍ക്കിടയിലെ ജാതി വിഭജനം ഇതോടെ ഇല്ലാതായി. ഇതുതന്നെയാണ് ബിജെപിയെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വിജയത്തിലെത്താന്‍ സഹായിച്ചത്. എന്നാല്‍ ഇത്തവണ യു.പിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ട്. ജാതിയാണ് ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ കൂടുതലും ചര്‍ച്ചയായത്. അതിനാല്‍ തന്നെ മുസ്ലിം വോട്ടുകള്‍ ഇത്തവണ നിര്‍ണായകമാകാം - ലഖ്‌നൗവിലെ മുതിർന്ന മാധ്യമ പ്രവര്‍ത്തകൻ മസൂദ് ഉൾ ഹസ്സൻ പറയുന്നു.
രാഷ്ട്രീയത്തില്‍ നിര്‍ണായകമാകാതെ മുസ്ലിം വിഭാഗം
കരുത്തുള്ള ന്യൂനപക്ഷമാണെങ്കിലും യു.പി രാഷ്ട്രീയത്തില്‍ ഇതുവരെ കാര്യമായ സ്ഥനം നേടിയെടുക്കാന്‍ മുസ്ലിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ 64 മുസ്ലിം സ്ഥാനാർഥികൾ വിജയിച്ച 2002 ലെ ഫലം അദ്ദേഹം വിസ്മരിക്കുന്നില്ല. അതൊഴിച്ചാല്‍ ബാക്കി എല്ലാഴ്പോഴും മുസ്ലിങ്ങള്‍ക്ക് സര്‍ക്കാരില്‍ പ്രാതിനിധ്യം വളരെ കുറവായിരുന്നു. 2017 ല്‍ 23 മുസ്ലിം നിയമസഭാംഗങ്ങൾ മാത്രമായിരുന്നു മുസ്‌ലിം വിഭാഗത്തില്‍ നിന്നുണ്ടായിരുന്നത്.
മുസ്ലിങ്ങളുടെ മുഖമായി എസ്.പി
അതിനിടെ സംസ്ഥാനത്ത് മുസ്ലിം വോട്ടര്‍മാരുടെ പ്രാഥമിക പാര്‍ട്ടിയായി സമാജ്‌വാദി പാർട്ടി (എസ്.പി) ഉയർന്നുവന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ലോക്ദൾ, സുഹൈൽ ദിയോ ഭാരതീയ സമാജ് പാർട്ടി, മഹാൻ ദൾ, പ്രഗതി ഷീൽ സമാജ് പാർട്ടി, ജൻവാദി പാർട്ടി എന്നിവരുമായി സഖ്യമുണ്ടാക്കിയ പാർട്ടി ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇത് മുസ്ലിം വോട്ടർമാരെ എസ്.പിയിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്ലിങ്ങള്‍ തങ്ങളുടെ വോട്ട് ബിജെപിക്ക് നല്‍കാതെ ജയിക്കാന്‍ സാധ്യതയുള്ള ഏത് സ്ഥാനാര്‍ഥിക്കും ചെയ്യുമായിരുന്നു. എന്നാലിത്തവണ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഇത്തവണ അവർ വോട്ട് ചെയ്തത് സമാജ് വാദി പാർട്ടിക്കാണെന്നും മാധ്യമപ്രവര്‍ത്തകനായ സായിദ് അഹമ്മദ് ഫാറൂഖി പറയുന്നു.
ഇതോടൊപ്പം സമുദായവും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ പരാതികളും പടലപ്പിണക്കങ്ങളും നിലനില്‍ക്കുന്നുമുണ്ട്. മുസ്ലിം സ്ഥാനാർഥികൾ മത്സരിച്ച ഭൂരിഭാഗം നിയമസഭ മണ്ഡലങ്ങളിലും അഖിലേഷ് യാദവ് പ്രചാരണത്തിന് പോയില്ലെന്നതാണ് ഇതില്‍ പ്രധാനം. ജനസംഖ്യാനുപാതികമായി മുസ്‌ലിങ്ങള്‍ക്ക് സമാജ്‌വാദി പാർട്ടി ടിക്കറ്റ് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ സംസ്ഥാനത്തെ പ്രമുഖ മുസ്ലിം നേതാക്കളില്‍ പലരും ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തില്‍ സജീവമായിരുന്നു.
സംസ്ഥാനത്തെ പ്രമുഖ നേതാവായ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ ജയിലില്‍ വച്ചാണ് നാമ നിര്‍ദ്ദേശ പത്രിക നല്‍കിയത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ഇദ്ദേഹവും മകനും എസ് .പി നേതാവുമായ അബ്ദുല്ല അസം സ്വാർ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. മകന്‍റെ സ്ഥാനാര്‍ഥിത്വം പക്ഷെ മുസ്ലിം ന്യൂനപക്ഷം കേന്ദ്രം നോക്കി ആയിരുന്നില്ല. അതിനാല്‍ തന്നെ വര്‍ഗീയത പറയാതെ വോട്ടുതേടുന്ന സമീപനമാണ് എസ്.പി സ്വീകരിച്ചതെന്നും നിരീക്ഷിക്കപ്പെടുന്നു.
മുസ്ലിം സ്ഥാനാര്‍ഥികളും മുസ്ലിം പ്രചാരകരും കുറഞ്ഞ യുപിയില്‍ ബഹുജൻ സമാജ് പാർട്ടിയിൽ (ബി.എസ്.പി) ആശങ്ക ഏറെയാണ്. ബി.എസ്.പി 2017ൽ നൂറോളം മുസ്ലിം സ്ഥാനാർഥികളെ നിര്‍ത്തിയാണ് യുപിയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭൂരിപക്ഷം മുസ്ലിം സ്ഥാനാർഥികളെ നിർത്തുന്നത് ഭൂരിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാൻ മാത്രമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഇ-മുസ്ലിമീൻ
ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഇ-മുസ്ലിമീൻ (എഐഎംഐഎം) ന്‍റെ പ്രവേശനം യുപി തെരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഘടകമാണ്. അസദുദ്ദീൻ ഒവൈസി നയിക്കുന്ന എഐഎംഐഎമ്മിന് മുസ്‌ലിങ്ങളുടെ പ്രാതിനിധ്യം ദേശീയ തലത്തില്‍ നേടാനുള്ള പദ്ധതികളാണുള്ളത്. അതേസമയം ഒവൈസിയുടെ പ്രവേശനം മുസ്ലിം വോട്ടുകള്‍ കൂടുതൽ ഭിന്നിപ്പിക്കുമെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.
മുസ്ലിം പണ്ഡിതനായ മൗലാന സജ്ജാദ് നൊമാനി ഒവൈസിക്ക് ഒരു തുറന്ന കത്തെഴുതിയിരുന്നു. വോട്ടെടുപ്പിനും സ്ഥാനാർഥി നിർണയത്തിനും ചില നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ഒവൈസി ഇത് പൂര്‍ണമായും തള്ളി. ഇത് ഒവൈസിക്കെതിരെ വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.
നിലവിലുള്ള സീറ്റുകള്‍ അല്ലാതെ പുതിയതായി ഒരു സീറ്റും നേടാന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഫലം എന്തായാലും അത് മുസ്ലിങ്ങളുടെ സമാധാനത്തിലും സ്ഥിരതയിലും ഭാവിയിലും പലവിധ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നാണ് വിലയിരുത്തല്‍.