ചണ്ഡീഗഡ്: കർഷകർക്കു താങ്ങുവില ഉറപ്പാക്കിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം കർഷകർക്കു താങ്ങുവില ഉറപ്പാക്കാൻ പ്രവർത്തിക്കും. ഈ വാഗ്ദാനം നിറവേറ്റാൻ കഴിയാത്ത ദിവസം താൻ പദവി രാജിവയ്ക്കുെന്ന് ജെജെപി നേതാവ് കൂടിയായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
‘കർഷകർക്കു താങ്ങുവില ഉറപ്പാക്കണമെന്നു പാർട്ടിയുടെ ദേശീയ അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധിക്കുന്ന കർഷകർക്കു കേന്ദ്ര സർക്കാർ നൽകിയ രേഖാമൂലമുള്ള നിർദേശങ്ങളിൽ താങ്ങുവിലയ്ക്കുള്ള വ്യവസ്ഥയും ഉൾപ്പെടുന്നു. അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം കർഷകർക്കു താങ്ങുവില ഉറപ്പാക്കാൻ പ്രവർത്തിക്കും. ഈ വാഗ്ദാനം നിറവേറ്റാൻ കഴിയാത്ത ദിവസം ഞാൻ പദവി രാജിവയ്ക്കും’– മാധ്യമങ്ങളോടു ചൗട്ടാല പറഞ്ഞു.
വിവാദ നിയമങ്ങളുമായി ബന്ധപ്പെട്ടു കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം എത്രയും പെട്ടെന്ന് അവസാനിക്കുമെന്നാണു പ്രതീക്ഷ. വിഷയത്തിൽ കേന്ദ്രമന്ത്രിമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഉപപ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയും ആയിരുന്ന ചൗധരി ദേവി ലാൽ പറയുമായിരുന്നു, ഭരണകൂടവുമായി കർഷകർക്കു പങ്കാളിത്തമുള്ള കാലം വരെയേ സർക്കാർ കർഷകരെ ശ്രദ്ധിക്കൂ എന്ന്. താനും പാർട്ടിയും കർഷകരുടെ കാഴ്ചപ്പാടുകൾ നിരന്തരം കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനോഹർ ലാൽ ഖട്ടറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ജൻനായക് ജനതാ പാർട്ടി (ജെജെപി)യുടെ പിന്തുണയോട് കൂടിയാണ് സംസ്ഥാനം ഭരിക്കുന്നത്. കർഷകരുടെ പ്രതിഷേധം ഹരിയാന സർക്കാരിന് വെല്ലുവിളി ഉയർത്തുകയാണ്. അതിനൊരു ഉദാഹരണം കൂടിയാവുകയാണ് സഖ്യകക്ഷിയായ ജെജെപി നേതാവിന്റെ വെല്ലുവിളി.