ന്യൂഡൽഹി: കൊവിഡ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ വെട്ടിക്കുറക്കുമെന്ന സോഷ്യൽ മീഡിയയിലെ പ്രചരണത്തിന് വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകൾക്ക് കുറവുണ്ടാകില്ലെന്നും യാത്രക്കാർ തെറ്റായ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും റെയിൽവേ അറിയിച്ചു. ട്രെയിനുകൾ കുറയ്ക്കുന്നതിനാൽ പല സ്റ്റേഷനുകളിലും യാത്രക്കാർ തിങ്ങി നിറയുന്നു എന്നതായിരുന്നു പ്രചരണം.
സ്റ്റേഷനുകളിലെ ജനക്കൂട്ടത്തെ കാണിക്കുന്ന ചില പഴയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചില മാധ്യമ റിപ്പോർട്ടുകളിൽ ജനങ്ങളുടെ വലിയ തള്ളിക്കയറ്റം സ്റ്റേഷനുകളിലുണ്ടെന്ന് തെറ്റായി പരാമർശിക്കുന്നു. അത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു- റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഞങ്ങൾ ഇതിനകം വിവിധ സംസ്ഥാനങ്ങളിൽ ചില ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഡിവിഷണൽ സ്റ്റാഫ് സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ട്രെയിനുകൾക്ക് കുറവുണ്ടാകില്ല എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സുനീത് ശർമ പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിൽ കാണുന്ന തിരക്ക് ഈ മാസങ്ങളിൽ സാധാരണമാണ്. എന്നാൽ ജനങ്ങളുടെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കും. രാത്രി കർഫ്യൂ കാരണം ധാരാളം ആളുകൾ റെയിൽവേ സ്റ്റേഷനിൽ എത്തുന്നുണ്ടെന്നും റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ജനങ്ങൾ ഒത്തുചേരുന്നതായി കാണിക്കുന്ന ചില വീഡിയോകൾ ഒരു വാർത്താ ഏജൻസി അടുത്തിടെ പുറത്തിറക്കിയിരുന്നു. മറ്റൊരു ലോക്ക്ഡൗൺ ഭയന്ന് ആളുകൾ നഗരം വിട്ടുപോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ഇത്.
കൊവിഡ് മൂലം കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് പോകുന്നതായുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇത്തരത്തിൽ എന്തെങ്കിലും ഉണ്ടോയെന്ന് ഞങ്ങൾ പരിശോധിച്ചിരുന്നു. ഡൽഹിയിലെ ഓരോ സ്റ്റേഷനുകളും പരിശോധിക്കാൻ മാധ്യമങ്ങളെ ഞങ്ങൾ ക്ഷണിക്കുകയാണ്. ലോക്ക്ഡൗൺ പരിഭ്രാന്തി കാരണം നഗരം വിട്ടുപോകുന്ന ഒരു കുടിയേറ്റ തൊഴിലാളിയെപ്പോലും അവിടെ കാണാനാകില്ലെന്നും നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ പറഞ്ഞു.
എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും റെയിൽവേ ശ്രദ്ധിക്കുന്നുണ്ടെന്നും ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ മാസ്ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.