ദിസ്‌പൂർ: അസമിൽ അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി. അസമിന്‍റെ ചരിത്രം, ഭാഷ, സാഹോദര്യം എന്നിവയ്ക്കെതിരായ ആക്രമണമാണ് സിഎഎ. അതിനാൽ തന്നെ ഇത് നടപ്പാക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. ചായ്‌ഗാവിലെ പ്രീതിപൂർ മൈതാനത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
2019 ൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഗുവാഹത്തിയിൽ കൊല്ലപ്പെട്ട ദീപഞ്ജൽ ദാസിന്‍റെ കുടുംബത്തെ കാണാൻ താൻ വന്നിരുന്നു. ദീപഞ്ജല്‍ ദാസ് എന്ന യുവാവിന് നേരെയല്ല ബിജെപി സര്‍ക്കാര്‍ വെടിയുതിര്‍ത്തത്. അത് അസമിനെ വധിക്കാനായി ഉതിര്‍ത്ത വെടിയുണ്ടയായിരുന്നു. ദീപഞ്ജൽ ദാസ് ഒരു യുവാവ് മാത്രമായിരുന്നില്ല. ഒരു ആശയം കൂടി ആയിരുന്നുവെന്നും രാഹുൽ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല. അവര്‍ അദ്ദേഹത്തിന് തൊഴില്‍ നല്‍കിയില്ല. സമാധാനപരമായി അസമിനായി നിലകൊണ്ട അദ്ദേഹത്തെ ബിജെപിയും ആര്‍എസ്എസും വെടിവച്ചു കൊന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തങ്ങള്‍ അഞ്ച് കാര്യങ്ങളാണ് ഉറപ്പ് നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്നാമത്തേത്, അസമിൽ സിഎഎ നടപ്പാക്കാൻ അനുവദിക്കില്ല. രണ്ടാമത്തെ ഉറപ്പ് അസമിലെ അഞ്ച് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടിയും നോട്ട് നിരോധനവും ഉപയോഗിച്ച് ചെറുകിട, ഇടത്തരം ബിസിനസുകൾ നശിപ്പിച്ചതിനാലാണ് യുവാക്കൾക്ക് ജോലി നഷ്‌ടപ്പെട്ടതെന്നും രാഹുൽ പറഞ്ഞു. വീട്ടമ്മമാർക്ക് മാസംതോറും രണ്ടായിരം രൂപയും ഓരോ വീട്ടിലേക്കും 2000 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും അദ്ദേഹം വാഗ്‌ദാനം നൽകി. കോൺഗ്രസ് പറയുന്ന വാക്ക് പാലിക്കുന്നവരാണെന്നും സംസ്ഥാനത്ത് മുൻപ് അധികാരത്തിൽ എത്തിയപ്പോൾ ആറ് മണിക്കൂർ കൊണ്ട് കർഷക വായ്‌പകൾ എഴുതി തള്ളിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. താനിവിടെ എത്തിയത് ജനങ്ങളോട് കള്ളം പറയാൻ അല്ലെന്നും തന്‍റെ പേര് നരേന്ദ്ര മോദി എന്നല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അസമിൽ ആദ്യഘട്ട വോട്ടെടുപ്പ് മാർച്ച് 27ന് നടന്നിരുന്നു. 77 ശതമാനത്തോളം ആയിരുന്നു ആദ്യഘട്ടത്തിലെ പോളിങ് നിരക്ക്. നാളെയാണ് അസമിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രിൽ ആറിനും വോട്ടെണ്ണൽ മെയ് രണ്ടിനും നടക്കും.