ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി ജനുവരി നാലിന് നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കർഷക യൂണിയനുകൾ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിവിധ നടപടികൾ സ്വീകരിക്കുമെന്നാണ് കർഷക യൂണിയൻ നേതാക്കൾ അറിയിച്ചത്. സിങ്കു അതിർത്തിയിലെ പ്രതിഷേധ സ്ഥലത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ അഞ്ച് ശതമാനം മാത്രമാണ് ഇതുവരെ സർക്കാരുമായുള്ള കൂടിക്കാഴ്‌ചകളിൽ ചർച്ച ചെയ്‌തതെന്നും അവർ പറഞ്ഞു. എന്നാൽ നാലാം തീയതി നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ എല്ലാ മാളുകളും പെട്രോൾ പമ്പുകളും അടയ്ക്കുന്നതിനുള്ള തീയതികൾ പ്രഖ്യാപിക്കുമെന്നും ജനുവരി ആറിന് ട്രാക്‌ടർ മാർച്ച് നടത്തുമെന്നും വിവിധ കർഷക നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബുധനാഴ്‌ച നടന്ന ആറാം റൗണ്ട് ചർച്ചയിൽ സർക്കാരും കർഷക യൂണിയനുകളും താരിഫ് വർധനവുമായും മറ്റും ബന്ധപ്പെട്ടുള്ള കർഷകരുടെ ആശങ്കകളിൽ പൊതുവായ ചില തീരുമാനങ്ങളിലെത്തിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൂന്ന് കാർഷിക നിയമഭേദഗതി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും ഒരു തീരുമാനത്തിലെത്തിയില്ല.