ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടി ഭരണഘടനയില്‍ പറയുന്ന പ്രകാരം പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും പാര്‍ലമെന്‍ററി ബോര്‍ഡിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്ന് ശശി തരൂര്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നിഷ്‌ക്രിയമാണ് പാര്‍ലമെന്‍ററി ബോര്‍ഡ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വികേന്ദ്രീകരണം നടത്തി താഴെതട്ടിലുള്ള നേതാക്കളെ ശാക്തീകരിക്കേണ്ടതുണ്ടെന്നും ശശി തരൂര്‍ പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എഐസിസി അധ്യക്ഷനായാല്‍ ഉദയ്‌പൂര്‍ പ്രഖ്യാപനം പൂര്‍ണമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നടന്ന ചിന്തന്‍ശിബിറിലാണ് ഉദയ്‌പൂര്‍ പ്രഖ്യാപനം ഉണ്ടായത്. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ പോരാട്ട സജ്ജമാക്കുന്നതിനായുള്ള നിര്‍ദേശങ്ങളായിരുന്നു ഇതില്‍ ഉള്ളത്.
50 വയസില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നേതൃതലത്തില്‍ നല്‍കുക, ഒരാള്‍ക്ക് ഒരു പദവി, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്നിവയായിരുന്നു ഉദയ്‌പൂര്‍ പ്രഖ്യാപനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍.
പ്രവര്‍ത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം ശക്തമാക്കുന്നതിന് ആവശ്യമാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്‍ററി ബോര്‍ഡിനെ പുനരുജ്ജീവിപ്പിക്കുക എന്നുള്ളതും പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുക എന്നുള്ളതും ശശി തരൂര്‍ അടക്കം അംഗമായ ഗ്രൂപ്പ് 23ന്‍റെ ആവശ്യമായിരുന്നു.
പിസിസി പ്രതിനിധികളെ പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ ഭാഗമാക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ അവരുടെ അഭിപ്രായം ആരായും. നിലവില്‍ ബിജെപിയിലുള്ള അധികാര കേന്ദ്രീകരണത്തിന് ബദലായ മാതൃക കോണ്‍ഗ്രസ് മുന്നോട്ടുവയ്‌ക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
താന്‍ പാര്‍ട്ടിയില്‍ പരിഷ്‌കരണത്തിനും മാറ്റത്തിനുമായി നിലനില്‍ക്കുന്ന സ്ഥാനാര്‍ഥിയാണ്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് തനിക്ക് ലഭിക്കുന്ന പ്രതികരണം വളരെയധികം പ്രോത്സാഹജനകമാണെന്നും തരൂര്‍ പറഞ്ഞു. ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 19നാണ് വോട്ടെണ്ണല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തരൂരിന്‍റെ എതിര്‍ സ്ഥാനാര്‍ഥി.