ശിവമോഗ: ആനയുടെ ചവിട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സക്രെബൈൽ എലിഫന്‍റ് ക്യാമ്പിലെ ഡോക്‌ടർ വിനയ്‌യെ ശിവമോഗയിലെ നഞ്ചപ്പ ആശുപത്രിയിൽ നിന്ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിന് പോകാൻ പ്രത്യേക വഴിയൊരുക്കി സീറോ ട്രാഫിക്കിലൂടെയാണ് വിനയ്‌യെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് ദിവസം മുൻപാണ് വിനയ്‌യെ കാട്ടാന ആക്രമിച്ചത്.
ഡോ.വിനയ്‌യെ കൂടുതൽ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ നിന്നുള്ള ഡോക്‌ടർമാരുടെ സംഘം ശിവമോഗയിൽ എത്തിയിരുന്നു. വിനയ്‌യെ ബെംഗളൂരുവിലേക്ക് മാറ്റാൻ രണ്ട് ആംബുലൻസുകളും എത്തിയിരുന്നു. ഒരു ആംബുലൻസിൽ മരുന്നുകളും മറ്റൊരു ആംബുലൻസിൽ ഡോക്‌ടർ വിനയ്‌യെയും മാറ്റി. ശേഷം ആംബുലൻസിന് പോകാനായി ട്രാഫിക്ക് ഒഴിവാക്കി വഴിയൊരുക്കുകയായിരുന്നു.
'ശിവമോഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്താൻ ഏകദേശം അഞ്ച് മണിക്കൂർ സമയം എടുക്കും. എന്നാൽ സീറോ ട്രാഫിക്കിൽ വളരെ പെട്ടന്ന് തന്നെ എത്താൻ കഴിഞ്ഞു. ഞങ്ങളുടെ ആംബുലൻസിൽ രോഗിക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്', ആംബുലൻസ് ഡ്രൈവറായ പൃഥ്വി ഇടിവി ഭാരതിനോട് പറഞ്ഞു. ഡോ.വിനയ്‌യെ ആശുപത്രിയിൽ നിന്ന് മാറ്റുന്ന വേളയിൽ അദ്ദേഹത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു.
ഏപ്രിൽ 11ന് രാവിലെയാണ് വിനയ്‌ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആനയെ മയക്കുവെടി വച്ച് പിടികൂടുന്നതിനിടെയായിരുന്നു അപകടം. സാധാരണയായി മടക്കുവെടിയേറ്റ് ആന മയങ്ങിയാൽ ബോധം വീഴാൻ ഏകദേശം 40 മിനിട്ടോളം സമയമെടുക്കും. ഈ കണക്കുകൂട്ടലിൽ മയക്കുവെടി വച്ച് ആന മയങ്ങി വീണതോടെ വിനയ് ആനയുടെ അടുത്തേക്ക് എത്തി. എന്നാൽ അപ്രതീക്ഷിതമായി ചാടി എഴുന്നേറ്റ ആന വിനയ്‌യെ ആക്രമിച്ച് മുതുകിൽ ചവിട്ടുകയായിരുന്നു.
ഉടൻ തന്നെ വനം വകുപ്പ് ജീവനക്കാർ ആനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ കാട്ടാന സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്നാണ് വിനയ്‌യെ ആശുപത്രിയിലേക്ക് മാറ്റിയത്. ആന രക്ഷപ്പെട്ടതിനെത്തുടർന്ന് പ്രദേശത്തുള്ളവർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. തുടർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വനം വകുപ്പ് ജീവനക്കാർ ആനയെ പിടികൂടുകയായിരുന്നു.