മുസാഫര്‍പൂര്‍: സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അല്ലെങ്കില്‍ ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന കാലഘട്ടത്തില്‍ തിരിച്ച് സ്വന്തം ഭര്‍ത്താവിനെതിരെ നടത്തിയ ക്രൂരകൃത്യത്തെ തുടര്‍ന്ന് അറസ്‌റ്റിലായിരിക്കുകയാണ് ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ ഒരു സ്‌ത്രീ. സെല്‍ഫി എടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം ഭര്‍ത്താവിനെ മരത്തില്‍ കെട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ശക്തമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിയായ സ്‌ത്രീയെ പൊലീസ് അറസ്‌റ്റ് ചെയ്‌തുവെന്നും സംഭവത്തിന്‍റെ കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ജില്ലയിലെ സാഹെബ്‌ഗഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വസുദേവ്‌പൂര്‍ സറെയി പഞ്ചായത്തിലായിരുന്നു സംഭവം. ഭര്‍ത്താവിന് മേല്‍ തീയിട്ടതിന് ശേഷം ഇവര്‍ സ്ഥലത്ത് നിന്നും രക്ഷപെടുവാന്‍ ശ്രമിച്ചിരുന്നു.
ക്രൂരകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ല: ഈ സമയം പ്രദേശവാസികള്‍ എത്തി ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ സാഹെബ്‌ഗഞ്ച് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പരിക്കേറ്റ വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയായ സ്‌ത്രീയെ അറസ്‌റ്റ് ചെയ്‌തു. പ്രതിയായ സ്‌ത്രീയെ ഇത്തരമൊരു ക്രൂരകൃത്യത്തിലേയ്‌ക്ക് നയിക്കുവാനിടയായ കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയായ സ്‌ത്രീയ്‌ക്ക് മറ്റൊരു ബന്ധമുണ്ടെന്നും അയാളോടൊപ്പം പോകുവാനാണ് തന്‍റെ ഭര്‍ത്താവിനെ ഇവര്‍ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ വീടിനകത്ത് ഒളിപ്പിച്ചു: അതേസമയം, ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ജാര്‍ഖണ്ഡിലെ ജംഷഡ്‌പൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീട്ടിനകത്ത് ഒളിപ്പിച്ച ഭാര്യയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ജംഷഡ്‌പൂരിലെ ഉലിദിഹ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മാനസികാസ്വാസ്ഥ്യം നേരിടുന്ന യുവതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി അഞ്ച് ദിവസത്തോളം വീടിനകത്ത് സൂക്ഷിച്ചത്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
മാങ്കോവിലെ സുഭാഷ് കോളനിയിലെ മൂന്നാം നമ്പര്‍ റോഡില്‍ താമസിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ അമര്‍നാഥ് സിങിനെയാണ് ഭാര്യ മീര കൊലപ്പെടുത്തിയത്. അമര്‍നാഥിനെ കുറച്ചുദിവസങ്ങളായി കാണാതായതോടെ അയല്‍വാസികള്‍ ഭാര്യയോട് അന്വേഷിച്ചു. എന്നാല്‍, ഇവരോട് മറുപടി നല്‍കുന്നതിന് പകരം ഭാര്യ മീര അയല്‍വാസികളെ ഓടിച്ചുവിടുകയായിരുന്നു.
പ്രദേശവാസികള്‍ക്ക് സംശയമുദിക്കാന്‍ കാരണം: വീട്ടിലേയ്‌ക്ക് ആരും കടന്നുവരാതിരിക്കുവാനായി ഇവര്‍ വീടിന്‍റെ വേലിയില്‍ കറണ്ട് കണക്ഷനുമെത്തിച്ചു. ഇതോടെ സമീപവാസികളില്‍ സംശയമുദിക്കുകയായിരുന്നു. ഇവര്‍ ഉടനെ തന്നെ പൂനെയില്‍ താമസിക്കുന്ന ഇവരുടെ മകനെ വിവരമറിയിക്കുകയും ചെയ്‌തു.
സംഭവത്തിന്‍റെ നിജസ്ഥിതി മനസിലാക്കാന്‍ അയല്‍വാസികള്‍ ചേര്‍ന്ന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഫ്യൂസ് ഊരിവച്ച് ഇവരുടെ വീട്ടിലേയ്‌ക്ക് കടന്നുചെന്നപ്പോഴാണ് അമര്‍നാഥ് സിങിന്‍റെ മൃതദേഹം വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഈ സമയം, അമര്‍നാഥ് സിങിന്‍റെ മകന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി മീരയെ കസ്‌റ്റഡിയിലെടുത്തു.