ഹൈദരാബാദ് : ഹൈദരാബാദിൽ പിടിയിലായ ഐഎസ്ഐഎസ് ഭീകരന്‍റെ ഭാര്യ പൊലീസിനെതിരെ രംഗത്ത്. മുസാറാംബാഗ് സ്വദേശി അബ്‌ദുൾ സാഹെദിന്‍റെ ഭാര്യയാണ് പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയർത്തിയത്. പൊലീസ് തങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.
നിരവധി പേരടങ്ങുന്ന പൊലീസ് സംഘമാണ് വീട്ടിൽ പരിശോധന നടത്തിയത്. എല്ലാ കുടുംബാംഗങ്ങളുടെയും സുപ്രധാന രേഖകൾ പൊലീസ് എടുത്തുകൊണ്ടുപോയി. അന്വേഷണത്തിന്‍റെ പേരിൽ പൊലീസ് നിരന്തരമായി ശല്യം ചെയ്യുകയാണെന്നും യുവതി ആരോപിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെയും എംപി അസദുദ്ദീൻ ഒവൈസിയുടെയും സഹായം തേടിയിരിക്കുകയാണ് യുവതി.
മൂസാറാംബാഗ് സ്വദേശി അബ്‌ദുള്‍ സാഹെദ് (39), മലക്പേട്ട് സ്വദേശികളായ മുഹമ്മദ് സമീയുദ്ദീൻ (39), മാസ് ഹസൻ ഫാറൂഖ് (29) എന്നിവരാണ് ഹൈദരാബാദിൽ നിന്ന് പിടിയിലായത്. പൊതുയോഗങ്ങളിലേക്ക് സ്‌ഫോടക വസ്‌തുക്കൾ എറിയാൻ ഇവർ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഭീകരാക്രമണം നടത്തുന്നതിനായി നാല് ഗ്രനേഡുകൾ ശേഖരിക്കുന്നതിനിടെയാണ് ഇവർ പൊലീസിന്‍റെ പിടിയിലായത്.
നേരത്തെ ഹൈദരാബാദിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നയാളാണ് അബ്‌ദുള്‍ സാഹെദ്. പാകിസ്ഥാനിലെ ഐഎസ്ഐഎസ്, ലഷ്‌കറെ ത്വയ്‌ബ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. 2005ൽ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണറുടെ ബേഗംപേട്ടിലെ ടാസ്‌ക് ഫോഴ്‌സ് ഓഫിസിന് നേര്‍ക്കുണ്ടായ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട കേസിലും സാഹെദ് ഉൾപ്പെട്ടിരുന്നു. എന്നാല്‍ ഇയാളെ തെളിവുകളുടെ അഭാവത്തില്‍ 12 വർഷത്തിന് ശേഷം 2017ൽ വിട്ടയച്ചിരുന്നു.