ബെംഗളൂരു: മൈസൂരുവിൽ സഹോദരന്‍റെയും സഹോദരി ഭർത്താവിന്‍റെയും സഹായത്തോടെ ഭാര്യ ഭർത്താവിനെ കുത്തി കൊന്നു. മൈസൂരു ജില്ലയിലെ ഭദ്ര ഗൗഡാന കൊപ്പലുവിലാണ് സംഭവം. നഞ്ചൻഗുഡ് താലൂക്കിലെ ഹിബ്‌ജാല ഗ്രാമവാസിയായ കെമ്പാഷെട്ടി(35) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച രാത്രി ഭാര്യ ശശിരേഖയും ബന്ധുക്കളായ കെന്ദഷെട്ടി, രമേശ്, നാഗേന്ദ്ര എന്നിവരും ചേർന്ന് ഇയാളെ കത്തി കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു.
12 വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ കെമ്പാഷെട്ടിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്. ഇതിനിടെ ഭാര്യയുടെ വീട്ടിൽ വഴക്കുണ്ടാക്കാനെത്തിയപ്പോഴാണ് ശശിരേഖയും ബന്ധുക്കളും ചേർന്ന് കൊലപാതകം നടത്തിയത്.
തുണിക്കടയിലെ ജോലിക്കാരിയാണ് ശശിരേഖ. കൂലിപ്പണിക്കാരനായ കെമ്പാഷെട്ടി രണ്ട് തവണ ഭാര്യയെ ആക്രമിക്കുകയും തുടർന്ന് അറസ്റ്റിലാവുകയും ചെയ്‌തിരുന്നു. ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ശേഷം ശശിരേഖയുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.
Also Read: ഫിറോസാബാദിൽ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം
പൊലീസ് സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വിജയനഗര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.