കാടോയ (പശ്ചിമബംഗാൾ): നാഷണൽ ജിയോഗ്രാഫിക് ചാനലിലെ 'ദി ലെജൻഡ് ഓഫ് മൈക്ക് ഡോഡ്‌ജ്' എന്ന പരമ്പര പരിചയപ്പെടുത്തിയ മൈക്കിനെ പോലെ ഒരാള്‍ പശ്ചിമബംഗാളിലെ കാടോയയിലും ഉണ്ട്. മൈക്ക് സഫിക് വടക്കുപടിഞ്ഞാറൻ മഴക്കാടുകൾക്ക് സമീപം ഏറുമാടം കെട്ടിയാണ് താമസിച്ചിരുന്നത്. എന്നാല്‍ കാടോയയിലെ ലോകു റോയി ഗ്രാമത്തില്‍ നിന്ന് മാറി മുളയില്‍ ഏറുമാടം കെട്ടിയാണ് താമസിക്കുന്നത്.
25 വര്‍ഷമായി സമൂഹത്തില്‍ നിന്ന് അകന്ന് ഏറുമാടത്തില്‍ താമസിക്കുകയാണ് പാലിത്പൂര്‍ സ്വദേശിയായ ലോകു റോയി. ഭാര്യയുടെ മരണ ശേഷമാണ് ലോകു ഗ്രാമത്തില്‍ നിന്ന് മാറി മുളയ്‌ക്കു മുകളില്‍ ഏറുമാടം നിര്‍മിച്ച് അതില്‍ താമസം ആരംഭിച്ചത്. ബർദ്‌വാൻ പട്ടണത്തിൽ നിന്ന് കത്വയിലേക്ക് എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലിത്‌പൂര്‍ ഗ്രാമത്തില്‍ എത്താം.
പാലിത്‌പൂര്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നെല്‍വയലിനോടും കനാലിനോടും ചേര്‍ന്നാണ് ലോകു റോയിയുടെ മുളവീട്. ഭാര്യയ്‌ക്കും മൂന്ന് മക്കള്‍ക്കും ഒപ്പം ഗ്രാമത്തില്‍ സാധാരണ ജീവിതം നയിച്ചിരുന്ന ലോകു റോയിക്ക് ഭാര്യയുടെ മരണം ഉള്‍ക്കൊള്ളാനായില്ല. മാനസിക സ്ഥിരത നഷ്‌ടമായ ഇയാള്‍ പിന്നീട് സമൂഹത്തില്‍ നിന്ന് അകന്ന് ജീവിക്കാന്‍ തുടങ്ങി.
ചെറിയ ജോലികള്‍ ചെയ്യുന്ന ലോകു ഭക്ഷണം കഴിക്കാന്‍ മകളുടെ വീട്ടിലേക്ക് പോകും. ഈ സമയങ്ങളില്‍ മാത്രമാണ് ഇയാള്‍ മുള വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത്. ബാക്കി സമയങ്ങളില്‍ തന്‍റെ വീടിന് മുന്നിലെ പൂന്തോട്ടം പരിപാലിക്കുന്നതും കനാലിനോട് ചേര്‍ന്ന് നിര്‍മിച്ച കുളത്തില്‍ മീന്‍ പിടിക്കുന്നതുമാണ് ലോകുവിന്‍റെ ജോലി.
യഥാര്‍ഥത്തില്‍ ബിഹാര്‍ സ്വദേശിയാണ് ലോകു റോയി. ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം ബര്‍ദ്വാനിലേക്ക് കുടിയേറിയതാണ് ഇയാള്‍. മക്കളും മരുമക്കളും ചേര്‍ന്ന് ലോകുവിനെ കൂടെ താമസിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കലും ഇയാള്‍ അതിന് തയ്യാറായില്ലെന്ന് മക്കള്‍ പറഞ്ഞു.