ലഖ്‌നൗ: രാജസ്ഥാനിലെ ഹനുമാൻഗഡിലെ ദലിത് കൊലപാതകത്തിൽ അപലപിച്ച് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും മായാവതി ചോദിക്കുന്നു. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
ഒക്‌ടോബർ ഏഴിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ശനിയാഴ്‌ച ഏഴ് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
'മുതലക്കണ്ണീർ കോൺഗ്രസ് അവസാനിപ്പിക്കണം'
ചത്തീസ്‌ഗഢ്, പഞ്ചാബ് മുഖ്യമന്ത്രിമാർ ദലിത് കൊലപാതകം നടന്ന പ്രദേശം സന്ദർശിക്കുമോയെന്നും കുടുംബത്തിന് 50 ലക്ഷം രൂപ നൽകുമോയെന്നും മായാവതി ചോദിക്കുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും അല്ലാത്ത പക്ഷം ദലിതുകളുടെ പേരിലുള്ള മുതലക്കണ്ണീർ കോൺഗ്രസ് അവസാനിപ്പിക്കണമെന്നും മായാവതി കുറ്റപ്പെടുത്തി.
ബിജെപി മന്ത്രിയെ പുറത്താക്കണം
ആരോപണ വിധേയരായ ബിജെപി മന്ത്രിയെ പുറത്താക്കിയാൽ മാത്രമേ കർഷകർക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയെങ്കിലും ഉണ്ടാകുകയുള്ളുവെന്നും അക്രമത്തിൽ മന്ത്രിപുത്രന്‍റെ പേര് ഉയർന്നു വരുന്ന സാഹചര്യം ബിജെപി സർക്കാരിന്‍റെ പ്രവർത്തന ശൈലിയെ ചോദ്യം ചെയ്യുന്നതാണെന്നും മായാവതി കൂട്ടിച്ചേർത്തു.
ശ്രീനഗറിലെ തീവ്രവാദി ആക്രമണങ്ങൾ ദുഖകരം
ശ്രീനഗറിൽ തുടർച്ചയായി പ്രദേശവാസികൾക്ക് നേരെ നടക്കുന്ന തീവ്രവാദി ആക്രമണങ്ങൾ ദുഖകരവും അതേ സമയം നാണക്കേട് ഉണ്ടാക്കുന്നതുമാണെന്നും മായാവതി പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാർ ശക്തമായ നടപടി എടുക്കണമെന്നും ബിഎസ്‌പി അധ്യക്ഷ വ്യക്തമാക്കി.
ALSO READ: ചലോ ബനാറസ് ; 'കിസാൻ ന്യായ്' റാലി യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കമാക്കാന്‍ കോണ്‍ഗ്രസ്