2017ല്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യ മുഖ്യ അതിഥിയായി ക്ഷണിച്ചത് അബുദബി കിരീടവകാശിയായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ ആയിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആശ്ലേഷിച്ചു കൊണ്ടാണ് അദ്ദേഹത്തിനെ വരവേറ്റത്. ഇതിനെ പരിഹസിച്ചുക്കൊണ്ട് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചത് വിദേശത്ത് നിന്നുള്ള താടിക്കാരോട് പ്രകടിപ്പിക്കുന്ന സ്നേഹം എന്ത് കൊണ്ട് ഇന്ത്യയിലെ താടിക്കാരോട് നരേന്ദ്ര മോദി കാണിക്കുന്നില്ല എന്നാണ്.
ഇന്ത്യയിലെ മുസ്‌ലിങ്ങളോട് നരേന്ദ്ര മോദി വിവേചനം കണിക്കുന്നു എന്നുള്ള രാഷ്‌ട്രീയ ആരോപണമാണ് ഉവൈസി ഈ പരിഹാസത്തിലൂടെ ഉയര്‍ത്തിയത്. യുഎഇയുമായുള്ള ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നു എന്നതിന്‍റെ ഒരു തെളിവായിരുന്നു പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് നല്‍കിയ സ്വീകരണം. ഉവൈസിയുടെ മേല്‍പറഞ്ഞ വിമര്‍ശനത്തിന് സമാനമായ വിമര്‍ശനം ഉന്നയിക്കാന്‍ ഇട നല്‍കുന്നതാണ് നുപൂര്‍ ശര്‍മയ്‌ക്കും നവീന്‍ കുമാര്‍ ജിന്‍ഡാലിനുമെതിരായി ബിജെപിയെടുത്ത വൈകിയുള്ള നടപടി.
ഗള്‍ഫ് രാജ്യങ്ങളെ ഇന്ത്യയ്‌ക്ക് അവഗണിക്കാന്‍ കഴിയില്ല: നുപൂര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദിനെ അവഹേളിച്ചുകൊണ്ടുള്ള പരമാര്‍ശം ഒരു ടെലിവിഷന്‍ ചര്‍ച്ചയ്‌ക്കിടെ നടത്തിയിട്ട് ഒരാഴ്‌ചയിലധികമായി. പക്ഷെ നുപൂര്‍ ശര്‍മയ്‌ക്കും മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ട് ട്വീറ്റ് ചെയ്‌ത ബിജെപി ഡല്‍ഹി ഘടകത്തിന്‍റെ മാധ്യമ വിഭാഗം തലവന്‍ നവീന്‍ കുമാര്‍ ജിന്‍ഡാലിനും എതിരെ നടപടിയെടുക്കുന്നത് ജിസിസി രാജ്യങ്ങള്‍ (ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈൻ, കുവൈത്ത്) ഈ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയതിന് ശേഷമാണ്. വിഷയത്തില്‍ ഖത്തറാണ് പ്രതിഷേധം ആദ്യം ഉന്നയിക്കുന്നത്.
പിന്നീട് കുവൈത്ത്, ബഹ്റൈൻ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും പ്രതിഷേധം രേഖപ്പെടുത്തി. നുപൂര്‍ ശര്‍മ വിവാദമായ പ്രസ്‌താവന നടത്തിയതിന് ശേഷം ഉടനെ തന്നെ ഇന്ത്യയിലെ പല മുസ്‌ലിം സംഘടനകളും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ബിജെപിയുടെ ഭാഗത്ത് നിന്നോ നിയമ തലത്തിലോ ഉണ്ടായിരുന്നില്ല. പിന്നെ എന്തുക്കൊണ്ടാണ് ജിസിസി രാജ്യങ്ങള്‍ ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ നുപൂര്‍ ശര്‍മയെ സസ്പെന്‍ഡ് ചെയ്‌തുകൊണ്ടും നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കികൊണ്ടും ബിജെപി നടപടിയെടുത്തു?
അതിന് കാരണം ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ആ രാജ്യങ്ങളില്‍ ദശലക്ഷ കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നു എന്നുള്ളതും കൊണ്ടാണ്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കണക്കുകള്‍ പറയും ബന്ധത്തിന്‍റെ ആഴം: ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ പതിനാറ് ശതമാനം ജിസിസി രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ അഞ്ച് രാജ്യങ്ങളില്‍ സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തിന്‍റെ ആകെ ഇന്ധന ആവശ്യകതയുടെ 40 ശതമാനത്തോളം നിറവേറ്റപ്പെടുന്നത് ജിസിസി രാജ്യങ്ങളില്‍ നിന്നും ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്‌താണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരും അവര്‍ നാട്ടില്‍ അയക്കുന്ന പണവും. വിദേശത്തുള്ള ഇന്ത്യക്കാരില്‍ എകദേശം 28 ശതമാനം ഗള്‍ഫ് രാജ്യങ്ങളിലാണ് ഉള്ളത്. അതായത് 90 ലക്ഷം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇവര്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണം ഇന്ത്യയില്‍ മൊത്തം അയക്കപ്പെടുന്ന പണത്തിന്‍റെ അമ്പത്തിയഞ്ച് ശതമാനം വരും.
ജിസിസി രാജ്യങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎഇയാണ്. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. ഇന്ത്യയുടെ മൊത്തം വ്യാപരത്തിന്‍റെ ഏഴ് ശതമാനത്തില്‍ അധികം വരും യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാരം.
2021-22 സാമ്പത്തിക വര്‍ഷത്തിലെ കണക്ക് പ്രകാരം ഇന്ത്യ യുഎഇലേക്ക് കയറ്റി അയച്ചത് 2,800 കോടി അമേരിക്കന്‍ ഡോളറിന്‍റെ ചരക്കുകളും സേവനങ്ങളുമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മില്‍ 15,400 കോടി അമേരിക്കന്‍ ഡോളറിന്‍റെ വ്യാപാരമാണ് നടത്തിയത്. ജിസിസി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ആ വര്‍ഷത്തിലെ വ്യാപര കമ്മി എകദേശം 6,700 കോടി അമേരിക്കന്‍ ഡോളറായിരുന്നു. പക്ഷെ 2019ലെ കണക്ക് പ്രകാരം 5,000 കോടി അമേരിക്കന്‍ ഡോളര്‍ അവിടെ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ചിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളുടെ ഇന്ത്യയിലെ നിക്ഷേപവും വര്‍ധിക്കുന്നു: 2017 മുതല്‍ 2021 വരെയുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, കല്‍ക്കരി ഉള്‍പ്പെടെയുള്ള ആകെ ഇന്ധന ഇറക്കുമതിയുടെ കണക്കെടുത്താല്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഇന്ത്യയുടെ ആകെ ഇന്ധന ഇറക്കുമതിയുടെ 14.1 ശതമാനം വരും സൗദി അറേബ്യയില്‍ നിന്നുള്ളത്. യുഎഇ മൂന്നാം സ്ഥാനത്തും ഖത്തര്‍ ആറാം സ്ഥാനത്തും കുവൈത്ത് ഒമ്പതാം സ്ഥാനത്തും വരും ഈ കണക്കില്‍.
ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കണക്കാക്കിയാല്‍ യുഎഇയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലിചെയ്യുന്നത്. യുഎഇയില്‍ 34,25,144 ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്. സൗദി അറേബ്യയില്‍ 25,94,947, കുവൈത്തില്‍ 10,29,861, ഒമാനില്‍ 7,81,141, ഖത്തറില്‍ 7,46,550 എന്നിങ്ങനെയാണ് ജോലി എടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം.
ഈ അടുത്ത വര്‍ഷങ്ങളില്‍ ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ വലിയ രീതിയിലാണ് ശക്‌തിപ്പെട്ടത്. ഈ അടുത്തകാലത്തായി ഗള്‍ഫ് രാജ്യങ്ങളുടെ ഇന്ത്യയിലെ നിക്ഷേപവും വര്‍ധിച്ചിട്ടുണ്ട്. വ്യാപാര രംഗത്തേയും തൊഴില്‍ രംഗത്തേയും ഈ കണക്കുകളാണ് ജിസിസി രാജ്യങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാന്‍ മോദി സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.