ന്യൂഡൽഹി : മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടെന്നും മാധ്യമങ്ങളെല്ലാം ഭരണകക്ഷിയുടെ നിയന്ത്രണത്തിലാണെന്നും രാഹുൽ ഗാന്ധി. ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിന് ശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി മാധ്യമങ്ങൾക്കുനേരെ വിമർശനമുന്നയിച്ചത്. ഇതിനിടെ ചോദ്യമുന്നയിച്ച ഒരു മാധ്യമ പ്രവർത്തകനോട് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാതെ വിവേചന ബുദ്ധിയോടെ പെരുമാറാനും രാഹുൽ ഗാന്ധി നിര്‍ദേശിച്ചു.
ഒബിസി വിഭാഗത്തെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്നുള്ള ബിജെപിയുടെ ആരോപണത്തെക്കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകൻ രാഹുൽ ഗാന്ധിയോട് ചോദ്യം ഉന്നയിച്ചത്. പല ഘട്ടങ്ങളിലായി ഇതേ ചോദ്യം തന്നെ ആവർത്തിച്ച് ചോദിച്ചതിനെത്തുടർന്ന് രാഹുൽ ഗാന്ധി ക്ഷുഭിതനാവുകയായിരുന്നു.
ഇത് നിങ്ങള്‍ക്കുള്ള ഉത്തരവാണോ? ഒരേ ചോദ്യം ആവർത്തിച്ച് ചോദിക്കാൻ ബിജെപി നിങ്ങളെ അയച്ചതാണോ എന്നായിരുന്നു രാഹുലിന്‍റെ മറുചോദ്യം. ബിജെപിക്ക് വേണ്ടി പ്രവർത്തിക്കണമെങ്കിൽ അത് വിവേകത്തോടെയെങ്കിലും ചെയ്യാൻ ശ്രമിക്കണമെന്നും രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകനോട് നിർദേശിച്ചു.
'അൽപ്പം സൂക്ഷ്‌മതയോടെ സംസാരിക്കൂ. നിങ്ങൾക്ക് ബിജെപിക്ക് വേണ്ടി സംസാരിക്കണമെങ്കിൽ അടുത്ത തവണ വരുമ്പോൾ അവരുടെ ഒരു കൊടി നെഞ്ചിൽ കുത്തി വരൂ. അപ്പോൾ ബിജെപിക്ക് നൽകുന്നതുപോലത്തെ മറുപടി നിങ്ങൾക്ക് ഞാൻ നൽകാം. മാധ്യമ പ്രവർത്തകനായി നടിക്കരുത്' - രാഹുൽ ഗാന്ധി പറഞ്ഞു.
മറുപടിയിൽ മാധ്യമപ്രവർത്തകൻ നിശബ്‌ദനായതിന് പിന്നാലെ 'ഹവാ നിക്കൽ ഗയി' (കാറ്റ് പോയി) എന്ന് പുഞ്ചിരിച്ചുകൊണ്ട് രാഹുൽ പറഞ്ഞത് സദസിൽ കൂട്ടച്ചിരിയുയർത്തി. അതേസമയം അയോഗ്യതയിൽ ഭയപ്പെടുന്നില്ലെന്നും എന്ത് വന്നാലും തന്നെ നിശബ്‌ദനാക്കാൻ അവർക്കാകില്ലെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കി.
മോദി - അദാനി ബന്ധം ആവർത്തിച്ച് രാഹുൽ : ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്ന് പറഞ്ഞ രാഹുല്‍ മോദി - അദാനി ബന്ധം വീണ്ടും ആവർത്തിച്ച് പറഞ്ഞു. അദാനി വിഷയത്തില്‍ തന്‍റെ അടുത്ത പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയന്നതിനാലാണ് ലോക്‌സഭയില്‍ നിന്നും തന്നെ അയോഗ്യനാക്കിയതെന്നും രാഹുൽ ഗാന്ധി വ്യക്‌തമാക്കി.
ഈ വിഷയത്തിൽ സർക്കാർ അനുഭവിക്കുന്ന പരിഭ്രാന്തിയിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ നടക്കുന്ന കളികള്‍. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് 20000 കോടി രൂപ നിക്ഷേപിച്ചത് ആരാണെന്ന ചോദ്യം അവശേഷിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. താൻ രാജ്യത്തിന് എതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നും ആരെയും ഭയക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
2019ൽ കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലെ 'മോദി' പരാമർശത്തിലാണ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. 'നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആവട്ടെ. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്ന പേരുവന്നത്..? - എന്നായിരുന്നു രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞത്.
ഇതിന് പിന്നാലെ രാഹുൽ ഗാന്ധി മോദി സമുദായത്തെയാകെ ആക്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി എംഎൽഎ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. എന്നാൽ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ലോക്‌സഭ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.