ഹൈദരാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചതിനെ തുടര്‍ന്ന് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള സജീവ നീക്കത്തിലാണ് സംസ്ഥാന, കേന്ദ്ര ബി.ജെ.പി നേതൃത്വം. ഇതിനായി, കേന്ദ്രമന്ത്രിയും പാര്‍ട്ടിയുടെ സംസ്ഥാന നിരീക്ഷകനുമായ നരേന്ദ്ര സിങ് തോമറും ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗും ഞായറാഴ്ച ഗുജറാത്തിലെത്തി.
വൈകിട്ട് കൂടിക്കാഴ്‌ച
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച്, ബി.ജെ.പി നിയമസഭാംഗങ്ങളുമായി ഞായറാഴ്ച വൈകിട്ട് മൂന്നിന് ദേശീയ നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. നിതിന്‍ പട്ടേല്‍ അടക്കമുള്ള പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യമുയര്‍ത്തുന്ന അണികളുടെ പോസ്‌റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
ഇതിന്‍റെകൂടി പശ്ചാത്തലത്തില്‍ വിജയ് രൂപാണിയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള പാര്‍ട്ടിയുടെ സംസ്ഥാന മുഖങ്ങളെ ഇ.ടി.വി ഭാരത് തെരഞ്ഞെടുക്കുന്നു.
ഗോർധൻ സദഫിയ
ഗുജറാത്തിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായ കേശുഭായ് പട്ടേലിന്‍റെയും പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളുടെയും അടുത്ത വിശ്വസ്‌തരില്‍ ഒരാളായി കണക്കാക്കുന്ന സംസ്ഥാനത്തെ പ്രമുഖ നേതാവാണ് ഗോർധൻ സദഫിയ (67). മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായുള്ള വിയോജിപ്പിനെ തുടര്‍ന്ന് പിരിയുകയും തുടര്‍ന്ന് മഹാഗുജറാത്ത് ജനത പാർട്ടി ആരംഭിക്കുകയും ചെയ്‌തു.
പിന്നീട്, കേശുഭായ് പട്ടേലിന്‍റെ ഗുജറാത്ത് പരിവർത്തൻ പാർട്ടിയിൽ ചേര്‍ന്നു. പില്‍ക്കാലത്ത്, ബി.ജെ.പിയിലേക്ക് മടങ്ങിയെത്തിയ സദഫിയ നിലവിൽ പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. 2002 ഗുജറാത്ത് കലാപ സമയത്ത് സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്നു. ഭാവ്‌നഗർ ജില്ലയിലെ തസ ഗ്രാമത്തില്‍ നിന്നുള്ള അദ്ദേഹം പാട്ടിദാർ സമുദായ അംഗമാണ്.
നിതിൻ പട്ടേൽ
മെഹ്സാന ജില്ലയിൽ വേരുകളുള്ള ബി.ജെ.പിയുടെ മുതിർന്ന കദ്വ പാട്ടിദാർ സമുദായ നേതാവാണ് നിതിൻ പട്ടേൽ (65). നിലവിൽ സംസ്ഥാന ഉപമുഖ്യമന്ത്രിയാണ്. 1995 ൽ ക്യാബിനറ്റ് മന്ത്രിയായ അദ്ദേഹം ധനകാര്യ, ആരോഗ്യമുള്‍പ്പെടെയുള്ള പ്രധാന വകുപ്പുകൾ വഹിച്ചിട്ടുണ്ട്. 2016 ല്‍ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പകരക്കാരുടെ സ്ഥാനത്തേക്ക് ഉയര്‍ന്ന പ്രധാന പേരുകളില്‍ ഒന്നാണ് പട്ടേലിന്‍റേത്.
മൻസുഖ് മാണ്ഡവ്യ
പാട്ടിദാർ സമുദായത്തിലെ ലുവ പട്ടേൽ ഉപജാതിയിൽ നിന്നുള്ള മൻസുഖ് മാണ്ഡവ്യ (49) 2012 ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016 ൽ കേന്ദ്ര മന്ത്രിസഭയിൽ അദ്ദേഹം സഹമന്ത്രിയായി. 2021 ജൂലൈയിൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് മന്ത്രിയായി.
ഭാവ്‌നഗർ ജില്ലയിലെ ഹനോൾ ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച മാണ്ഡവ്യ 1992 ൽ എ.ബി.വി.പിയിൽ അംഗമായ ശേഷം അതിവേഗമാണ് ബി.ജെ.പിയിലൂടെ ഉയര്‍ന്ന തലങ്ങളിലെത്തിയത്. 2002 ലാണ് ആദ്യ നിയമസഭാംഗമായി അധികാരത്തിന്‍റെ ഇടനാഴിലേക്ക് എത്തപ്പെട്ടത്.
പ്രഫുൽ ഖോഡാഭായ് പട്ടേൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്‌തരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന പ്രഫുൽ പട്ടേൽ (63) മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തര മന്ത്രിയായി. 2007 ൽ ഹിമ്മത്നഗറിൽ നിന്ന് മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മികച്ച വിജയം നേടുകയുണ്ടായി. മെഹ്സാന ജില്ലയിലെ ഉംത ഗ്രാമത്തിൽ നിന്നുള്ളയാളാണ്.
സി.ആര്‍ പാട്ടില്‍
നവസരിയിൽ നിന്ന് മൂന്ന് തവണ എം.പിയായ പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ പ്രമുഖ നേതാവാണ് സി.ആര്‍ പാട്ടില്‍ (66). ബി.ജെ.പി സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ സംഘടാന തലത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയ വ്യക്തിയാണ് അദ്ദേഹം. മഹാരാഷ്ട്രയിലെ ജൽഗാവ് സ്വദേശിയായ പാട്ടിൽ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഗുജറാത്ത് പൊലീസിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
ALSO READ: ആരാകും അടുത്ത ഗുജറാത്ത് മുഖ്യമന്ത്രി ?; നിതിൻ പട്ടേല്‍ ഉള്‍പ്പെടെ 4 പേര്‍ പട്ടികയില്‍