ഹൈദരാബാദ്: രാജ്യം ഭരിക്കുന്ന പാര്‍ട്ടിയ്‌ക്ക് സമാശ്വസിക്കാന്‍ പോലും ഒരു വക നല്‍കാതെ കര്‍ണാടക വോട്ടിലൂടെ വിധിയെഴുതിയിരിക്കുന്നു. കേവല ഭൂരിപക്ഷവും മാജിക്കല്‍ നമ്പറുമെല്ലാം മറികടന്ന് കോണ്‍ഗ്രസ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ഓപറേഷന്‍ താമരയ്‌ക്ക് സാധ്യത പോലുമില്ലെന്ന കാര്യവും പകല്‍ പോലെ വ്യക്തം. ദക്ഷിണേന്ത്യയില്‍ വെറുപ്പിന്‍റെ രാഷ്‌ട്രീയത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കി കന്നട മണ്ണ് വിധിയെഴുതിയപ്പോള്‍ ഇനി എല്ലാ കണ്ണുകളും ആര് മുഖ്യമന്ത്രിയാകും എന്നതിലേക്കാണ്.
ഇനി അധികാരകേന്ദ്രം ആര്: തെരഞ്ഞടുപ്പ് പ്രചാരണ വേളകളിലൊക്കെ തന്നെ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നുള്ള ചോദ്യം ഉയര്‍ന്നിരുന്നു. മുന്നിലുള്ള വെല്ലുവിളികളെ മറികടന്ന് ആത്യന്തികമായ വിജയം മാത്രമാണ് മുന്നിലുള്ളതെന്നായിരുന്നു ഇതിനോടുള്ള കോണ്‍ഗ്രസ് മറുപടികളൊക്കെയും. എന്നാല്‍ കോണ്‍ഗ്രസിന്‍റെ വിജയഭേരി മുഴങ്ങിയതോടെ അടുത്ത മുഖ്യമന്ത്രിയാരെന്ന ആ പഴയ ചോദ്യത്തിന് ഒന്നുകൂടി കനം വന്നിരിക്കുന്നു. മുന്‍ ജനകീയ മുഖ്യമന്ത്രിയും ഒരുകാലത്തെ പടക്കുതിരയുമായ സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിലെത്തുമോ, അതല്ല ഹൈക്കമാന്‍ഡിന്‍റെ വിശ്വസ്‌തനും ഇത്തവണത്തെ കര്‍ണാടക വിജയത്തിന്‍റെ ട്രെന്‍ഡ് സെറ്റര്‍ ഡി.കെ ശിവകുമാര്‍ അധികാരക്കസേരയിലെത്തുമോ?.
മുന്‍ ഭരണകാലത്തെ മികച്ച ട്രാക്ക് റെക്കോഡും ജനങ്ങള്‍ക്കിടയിലെ ജനകീയ നേതാവിന്‍റെ പ്രതിച്ഛായയും സിദ്ധരാമയ്യയ്‌ക്ക് ഇന്നും കൈമോശം വന്നിട്ടില്ല. എന്നാല്‍ ഇത് മാത്രം പരിഗണിച്ച് സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ പ്രചാരണവേളയില്‍ കോണ്‍ഗ്രസ് തയ്യാറല്ലായിരുന്നു. അതേസമയം തന്ത്രങ്ങള്‍ കൊണ്ടും പണം കൊണ്ടും ജനസ്വീകാര്യത കൊണ്ടും മുന്നിലുള്ള ഡി.കെ ശിവകുമാര്‍ എന്ന കന്നടയുടെ ഡി.കെയെ ഉയര്‍ത്തിക്കാണിച്ചാലുണ്ടായേക്കാവുന്ന വിഭാഗീയതയെ കുറിച്ചോര്‍ത്ത് കോണ്‍ഗ്രസ് കരുതലോടെ നീങ്ങുകയാണുണ്ടായത്. എന്നാല്‍ ഈ സമവാക്യം ഇനിയങ്ങോട്ട് ഏശില്ല എന്ന് കോണ്‍ഗ്രസിന് വ്യക്തതയുണ്ട്.
സിദ്ധരാമയ്യ എന്ന ജനകീയ മുഖ്യന്‍: 2013 മുതല്‍ 2018 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു എന്നത് സിദ്ധരാമയ്യയ്‌ക്ക് ബോണസ് പോയിന്‍റ് നല്‍കുന്നുണ്ട്. മികച്ച ഭരണ പാടവവും ജനകീയ നയങ്ങളിലൂടെ പൊതുജനങ്ങളോടുള്ള സിദ്ധരാമയ്യയുടെ സമ്പര്‍ക്കവുമെല്ലാം ഇന്നും അതുപോലെ തന്നെ തുടരുന്നുമുണ്ട്. മാത്രമല്ല ഇത് തന്‍റെ അവസാന മുഖ്യമന്ത്രി തെരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ച് ജനവിധി തേടിയിറങ്ങിയ സിദ്ധരാമയ്യയെ പരിഗണിക്കാതിരിക്കാനും കോണ്‍ഗ്രസിനാവില്ല. എല്ലാത്തിലുമുപരി പല പാര്‍ട്ടികളില്‍ നിന്നുമുള്ള വമ്പന്മാര്‍ക്ക് വീഴ്‌ച പറ്റിയപ്പോഴും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറിയ സിദ്ധരാമയ്യ തന്‍റെ വിജയത്തിലൂടെ വ്യക്തമാക്കുന്നതും മറ്റൊന്നല്ല. തെരഞ്ഞെടുപ്പ് വേളകളിലുള്ള സിദ്ധരാമയ്യയുടെ ശരീര ഭാഷയും, തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുന്നതിന് മുമ്പ് തന്നെ പിതാവ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന മകന്‍ യതീന്ദ്രയുടെ പ്രതികരണവുമെല്ലാം പ്രകടമാക്കുന്നത് സിദ്ധരാമയ്യ മുഖ്യമന്ത്രി കസേര മോഹിക്കുന്നുവെന്നും അര്‍ഹിക്കുന്നുവെന്നും തന്നെയാണ്.
കന്നടയുടെ ഡി.കെ: ഇപ്പുറത്താവട്ടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടും വിശിഷ്യ ഗാന്ധി കുടുംബത്തോടും വളരെയധികം അടുപ്പവും വിശ്വാസ്യതയും വച്ചുപുലര്‍ത്തുന്ന ഡി.കെ ശിവകുമാറിനും മുഖ്യമന്ത്രി പദത്തിന് വളരെയധികം അര്‍ഹതയുണ്ട്. സിദ്ധരാമയ്യയേക്കാൾ 14 വയസ്സിന് കുറവുള്ളതും, സാധാരണക്കാരന്‍ മുതല്‍ എഐസിസി ആസ്ഥാനത്തെ ഉന്നതര്‍ വരെയുള്ള അടുപ്പവും ഡി.കെയ്‌ക്ക് ഗുണം ചെയ്യുമെന്നതും തീര്‍ച്ചയാണ്. ബിജെപി അടര്‍ത്തിമാറ്റലുകളെ അതേ നാണയത്തില്‍ ചെറുത്തും, ബുദ്ധി കൊണ്ടും ശക്തി കൊണ്ടും പണം കൊണ്ടും കോണ്‍ഗ്രസിന്‍റെ ചിഹ്നമായും മാറിയ ഡി.കെ ശിവകുമാര്‍ എന്ന നേതാവിനെ തഴഞ്ഞാലുള്ള പ്രത്യാഘാതങ്ങളും കോണ്‍ഗ്രസിന് തീര്‍ച്ചയുണ്ട്. മാത്രമല്ല അടിയൊഴുക്കില്‍ ആടിയുലഞ്ഞ വന്‍ മരങ്ങള്‍ക്കിടയില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭീമമായ ഭൂരിപക്ഷത്തോടെ കനകപുരയില്‍ കനകകിരീടം ചൂടിയ ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രി കസേരയ്‌ക്ക് വളരെയധികം അര്‍ഹതയുമുണ്ട്.
ട്രെന്‍ഡ് സെറ്ററെ അവഗണിക്കാനാവുമോ: സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തില്‍ മാത്രമൊതുങ്ങാതെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രചാരണ മുഖമായിരുന്നു ഡി.കെ ശിവകുമാര്‍. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനെന്നതിലുപരി അക്ഷീണം പ്രചാരണരംഗത്ത് നിറഞ്ഞുനിന്ന ഡി.കെയെ അന്നേ പ്രവര്‍ത്തകരും ജനങ്ങളും മുഖ്യമന്ത്രിയായി വാഴ്‌ത്തപ്പെട്ടതുമാണ്. ബിജെപിയുടെ പ്രതികാര രാഷ്‌ട്രീയത്തിനും കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടലിനും മുന്നില്‍ പതറാത്ത നേതാവ് എന്നത് അണികള്‍ക്കിടയില്‍ ഡി.കെയുടെ മൈലേജ് വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അഴിമതിയാരോപണങ്ങൾ കാരണം കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി 104 ദിവസത്തോളം തിഹാർ ജയിലിൽ കഴിഞ്ഞുവെന്നത് ഡി.കെ ശിവകുമാറിന് മറ്റൊരര്‍ഥത്തില്‍ പ്രതികൂലമാണ്.
മാത്രമല്ല നിലവില്‍ ജാമ്യത്തിന്‍റെ പിന്‍ബലത്തിലുള്ള ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കേസുകള്‍ വേഗത്തിലാക്കുന്നത് സംസ്ഥാന ഭരണത്തിലും തളര്‍ച്ച വരുത്തുമെന്ന ചിന്തയും കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല. അതേസമയം വിജയമധുരം പങ്കുവയ്‌ക്കുന്ന വേളയില്‍ വികാരാധീനനായി കാണപ്പെട്ട ഡി.കെ ശിവകുമാറും, പ്രതികരണത്തില്‍ തന്‍റെ ജയില്‍വാസത്തിനിടെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ടെത്തി കണ്ട അനുഭവവുമെല്ലാം പങ്കുവച്ച ഡി.കെ ശിവകുമാറും പറയാതെ പറഞ്ഞത് നേതാക്കള്‍ക്കിടയിലെ അദ്ദേഹത്തിന്‍റെ സ്വാധീനം തന്നെയാണ്.
'ശുഭം' ആഗ്രഹിക്കുന്ന കോണ്‍ഗ്രസ്: നിലവില്‍ ജയിച്ച സ്ഥാനാര്‍ഥികള്‍ക്കെല്ലാം വിജയ പൂച്ചെണ്ടിനൊപ്പം വിമാന ടിക്കറ്റും റിസോര്‍ട്ടിലെ മുറിയുടെ താക്കോലും കൈമാറിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇനി നീണ്ട ചര്‍ച്ചകള്‍ക്കും ജനപ്രതിനിധികളുടെ പിന്തുണയ്‌ക്കുമൊടുവില്‍ സിദ്ധരാമയ്യയോ ദൊഡ്ഡലഹള്ളി കെംപഗൗഡ ശിവകുമാറോ മുഖ്യമന്ത്രി കസേരയിലേക്ക് എത്തും. പ്രതീക്ഷിക്കാതെയുള്ള മറ്റൊരു മുഖം മുഖ്യമന്ത്രി പദത്തില്‍ കാണാനാവില്ലെങ്കിലും സമവായമെന്ന നിലയില്‍ അതും പ്രവചനാതീതമാവും. അതേസമയം തന്ത്രപരമായി വിഷയത്തെ കൈകാര്യം ചെയ്‌ത് ഉചിതമായ തീരുമാനത്തിലൂടെ വിഭാഗീയതകള്‍ക്ക് ഇടം നല്‍കാതെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം മാത്രമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. കാരണം നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിരിച്ചുപിടിച്ച കര്‍ണാടകയെ മറ്റൊരു രാജസ്ഥാനായി കാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.